@ ആനയുടെ സാന്നിദ്ധ്യമുണ്ടായാൽ ഫോണിൽ സന്ദേശമെത്തും
@ 'എലി ഫെൻസ്' ഒരുക്കിയത് എ.ഐ സാങ്കേതിക വിദ്യയിൽ
പുൽപ്പള്ളി: കാട്ടാന ശല്യം രൂക്ഷമായ ചെതലയം റെയ്ഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനം വകുപ്പ് ഒരുക്കിയ 'എലി ഫെൻസ്' മലയോര ജനതയ്ക്ക് ആശ്വാസം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത 'എലി ഫെൻസ് ' വൈറ്റ് എലിഫന്റ് ടെക്‌നോളജീസിന്റെ സഹകരണത്തോടെ നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്റർ വഴിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
അത്യാധുനിക എ.ഐ സെൻസറുകളും ക്യാമറകളും സംയോജിപ്പിച്ചാണ് സ്മാർട്ട് വേലി പ്രവർത്തിക്കുക. കാട്ടാനകൾ വേലിയുടെ സമീപത്ത് എത്തുമ്പോൾ സെൻസറുകൾ തിരിച്ചറിഞ്ഞ് തത്സമയം കൺട്രോൾ റൂമിലേക്ക് അലർട്ടുകൾ അയക്കും. ആന സമീപത്തെത്തുമ്പോൾ തന്നെ പ്രദേശവാസികൾക്കും ഉദ്യോഗസ്ഥർക്കും വാട്സ്ആപ്പ്, എസ്.എം.എസ് സന്ദേശങ്ങൾ ലഭിക്കും. വേലിക്ക് സമീപം എത്തുന്ന ആനകളെ സൈറണുകൾ, ലൈറ്റുകൾ, എ.ഐ സിഗ്നലുകൾ എന്നിവ വഴി ഭയപ്പെടുത്തി കാട്ടിലേക്ക് തിരിച്ചയക്കുകയാണ് ഇതിന്റെ രീതി. ഫീൽഡ് നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്റർ വഴി നിരന്തര തത്സമയ നിരീക്ഷണവും വേലിയിലുണ്ടാകുന്ന തകരാറുകൾ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താനും ഇതിലൂടെ സാധിക്കുന്നു.
ആനകൾ എത്തുംമുൻപ്
മുന്നറിയിപ്പ് സന്ദേശം
കിടങ്ങുകളും സാധാരണ സൗരോർജ വേലികളും ആനകൾ തകർത്ത് നാട്ടിലിറങ്ങിയ ശേഷമാണ് പലപ്പോഴും വിവരമറിയാറുള്ളത്. എന്നാൽ എ.ഐ സ്മാർട്ട് വേലി ആനകൾ എത്തും മുൻപ് തന്നെ മുന്നറിയിപ്പ് നൽകുന്നു. നേരിട്ടുള്ള പട്രോളിംഗിന്റെ ആവശ്യകത കുറയ്ക്കുന്നതോടൊപ്പം കൃഷിനാശവും മനുഷ്യ- വന്യജീവി സംഘർഷവും പൂർണമായി തടയാൻ ഇതിലൂടെ സാധിക്കും.
ഇരുളത്തെ തിളക്കമാർന്ന വിജയത്തെ തുടർന്ന് വയനാടൻ വനമേഖലയിലെ മറ്റ് റേഞ്ചുകളിലേക്കും തുടർന്ന് കാട്ടാനശല്യം രൂക്ഷമായ മറ്റ് ജില്ലകളിലേക്കും ഘട്ടംഘട്ടമായി എലിഫെൻസ് നിർമ്മിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |