SignIn
Kerala Kaumudi Online
Saturday, 15 August 2026 1.51 AM IST

ബാവലി പാലത്തിന് വേണം പുതിയമുഖം

bavali-bridg
ബാവലി പാലം.അക്കരെ കർണ്ണാടകയിലെ ബൈരക്കുപ്പ

ബാവലി (വയനാട്): 200 വർഷത്തിലധികം പഴക്കമുള്ള, കേരള - കർണ്ണാടക സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബാവലി പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാവുന്നു. പ്രധാന അന്തർസംസ്ഥാന പാതകളിലൊന്നാണ് മാനന്തവാടി–ബാവലി–എച്ച്.ഡി. കോട്ട–മൈസൂർ റോഡ്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്. മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. വില്യം ലോഗന്റെ മലബാർ മാന്വലിൽ ഈ ഗ്രാമത്തെക്കുറിച്ചും പാലത്തെക്കുറിച്ചും പരാമർശമുണ്ട്. പഴശ്ശി പടയാളികളും ബ്രിട്ടീഷ് പട്ടാളവും ബാവലിയിൽ ഏറ്റുമുട്ടിയതും ലോഗൻ വിശദീകരിക്കുന്നുണ്ട്. മാനന്തവാടിയിൽ നിന്ന് പതിനാറ് കിലോമീറ്റർ ദൂരമുണ്ട് ബാവലിക്ക്. ഇവിടെ നിന്ന് മൈസൂരിലേക്ക് 91 കിലോമീറ്ററും. ചരക്കുലോറികൾ, ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ടൂറിസ്റ്റ് വാഹനങ്ങൾ എന്നിവയുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിലെ ഗതാഗതക്കുരുക്കും യാത്രാതടസവും വിലങ്ങുതടിയാവുകയാണ്. നിലവിലുള്ള ഒറ്റവരി പഴയ പാലത്തിന് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇരട്ടവരി പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കച്ചവട - ടൂറിസം പാത

മൈസൂർ രാജവംശത്തിന്റെ കാലത്തും പിന്നീട് ടിപ്പു സുൽത്താന്റെ കാലത്തും മൈസൂരിനെയും മലബാർ മേഖലയെയും ബന്ധിപ്പിച്ചിരുന്ന പഴയ വ്യാപാരപാതയാണിത്. മൈസൂർ, രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്ന കാലത്ത് മാനന്തവാടി ഉൾപ്പെടുന്ന മലബാർ പ്രദേശം പഴശ്ശിരാജാവിന്റെ സ്വാധീനമേഖലയിലായിരുന്നു. 2006ൽ ബാവലി മുതൽ വനപ്രദേശമായ ഉദ്ബൂർ വരെയുള്ള ഭാഗം റോഡ് ഗതാഗതത്തിന് കൂടുതൽ അനുയോജ്യമാക്കി. നിലവിൽ ബാവലി നാഗർഹോള ദേശീയോദ്യാനത്തിലേക്കുള്ള പ്രധാന പ്രവേശന മേഖലയാണിത്. ടൂറിസം രംഗത്തും ഈ പാതയ്ക്ക് വലിയ സാദ്ധ്യതയുണ്ട്. പാലം പുതുക്കി പണിയണമെന്ന് കാണിച്ച് കേരള - കർണ്ണാടക സർക്കാരുകൾക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL