SignIn
Kerala Kaumudi Online
Friday, 14 August 2026 6.46 PM IST

ചീരാൽ വനൃമൃഗങ്ങളുടെ വിഹാര കേന്ദ്രം, 4 വർഷത്തിനിടെ ഭക്ഷണമായത് 43 ഉരുക്കൾ

kaduva-

32 പശുക്കൾ 11 പോത്തുകൾ

സുൽത്താൻ ബത്തേരി: കടുവയുടെയും പുലിയുടെയും വിഹാര കേന്ദ്രമായി ചീരാൽ പ്രദേശം. 2022 മുതൽ ഇതുവരെ പശുക്കളും പോത്തുകളുമായി 43 ഉരുക്കളെയാണ് കടുവ ഭക്ഷണമാക്കിയത്. ഇവയ്ക്ക് പുറമെ വളർത്തുനായ്ക്കളെയും ആടുകളെയും പുലി പിടികൂടുന്നുണ്ട്. വന്യമൃഗങ്ങൾ കൊന്ന വളർത്തുമൃഗങ്ങളെ കെട്ടിയിട്ട തൊഴുത്തിൽ നിന്നും കൂടുകളിൽ നിന്നുമാണ് പിടികൂടിയത്. ചീരാൽ പ്രദേശത്ത് ക്ഷീര കർഷകരാണ് കൂടുതൽ.

ശല്യം രൂക്ഷമായത് 2022 മുതൽ

2022 ൽ ജൂലായ്, ആഗസ്റ്റ് മാസത്തിൽ നെന്മേനി പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുണ്ടക്കൊല്ലി പ്രദേശത്ത് 14 പശുക്കളെയാണ് കടുവ പിടികൂടിയത്. മുണ്ടക്കൊല്ലിയിലെ ഡാനിയേലിന്റെ മൂന്ന് പശുക്കളെയും കിടാവിനെയും തൊഴുത്തിൽ നിന്ന് കൊണ്ടുപോയി തിന്നുകയായിരുന്നു. നിരവധി കർഷകരുടെ പശുക്കളെയും മറ്റും കടുവ കൊന്നുതിന്നുകയായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായതോടെ പുലിയുടെ വരവായി. ആടിനെയും വളർത്തുനായ്ക്കളെയും പിടികൂടിയിരുന്നു. വീണ്ടും കടുവ പ്രദേശത്തെത്തി ആക്രമണം തുടങ്ങി. ഇതിൽ നിരവധി ഉരുക്കൾക്ക് പരിക്കേറ്റു.

വനം വകുപ്പ് വെച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയപ്പോൾ മറ്റൊന്ന് തമിഴ്നാട് വനംവകുപ്പിന്റെ കൂട്ടിലും അകപ്പെട്ടു. രണ്ട് പുലി കൂട്ടിലകപ്പെട്ടങ്കിലും മേഖലയിലെ പുലിയുടെയും കടുവയുടെയും ശല്യം തുടരുകയാണ്. കഴിഞ്ഞ ദിവസം വെള്ളച്ചാലിൽ റെജിയുടെ രണ്ട് പോത്തുകളെയാണ് കടുവ ആക്രമിച്ച് കൊന്നുതിന്നത്. പ്രദേശത്ത് ജനകീയ പ്രക്ഷോഭം ശക്തമായിട്ടുണ്ട്.

റെയിഞ്ച് ഓഫീസിന്റെ പ്രവർത്തന പരിധി മാറ്റി

മുത്തങ്ങ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് കീഴിലുണ്ടായിരുന്ന പ്രദേശമാണ് ചീരാൽ മേഖല ഉൾപ്പെടുന്ന മുണ്ടക്കൊല്ലി. ഇവിടെ വന്യമൃഗ ശല്യം രൂക്ഷമായതോടെ പ്രദേശം മേപ്പാടി റെയിഞ്ചിന് കീഴിലേയ്ക്ക് മാറ്റി. മൂന്ന് കിലോമീറ്ററാണ് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്കുള്ളത്. മേപ്പാടിയിലേയ്ക്ക് 40 കിലോമീറ്ററും. പ്രദേശത്ത് ഏതെങ്കിലും വന്യമൃഗമിറങ്ങിയാൽ അറിയിക്കേണ്ടത് മേപ്പാടിയിലാണ്. ഈ മാറ്റം വനംവകുപ്പിന്റെ തന്ത്രമാണെന്നും ഇത് നാട്ടുകാരെ കുഴപ്പത്തിലാക്കുന്നതുമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL