കോഴിക്കോട്: കടൽത്തിരകളുടെ താളത്തിനൊപ്പം ദേശഭക്തിയുടെ ഈണവും ഉയർന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് സാക്ഷിയായത് അപൂർവ സംഗീതവിരുന്നിന്. ഇന്ത്യയുടെ ഭൂപടമാതൃകയിൽ അണിനിരന്ന 10,899 ഗായകർ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ചപ്പോൾ ഫ്രീഡം സ്ക്വയറിന് മുന്നിലെ കടപ്പുറം രാജ്യസ്നേഹത്തിന്റെ സംഗീതവേദിയായി മാറി. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘പാട്ടിന്റെ കൂട്ടുകാർ’ കൂട്ടായ്മ സംഘടിപ്പിച്ച ‘കേരളം പാടുന്നു ദേശത്തിനായി’ ദേശീയോദ്ഗ്രഥന പരിപാടിയിലാണ് ആയിരക്കണക്കിന് ഗായകർ അണിനിരന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽനിന്നുമുള്ള സാധാരണക്കാരാണ് സംഗീതവിരുന്നിന്റെ ഭാഗമായത്. ദേശീയഗാനമായ ‘ജനഗണമന’യും ‘ വന്ദേമാതരവും അവർ ഒന്നിച്ചാലപിച്ചു. എട്ടുമിനിറ്റായിരുന്നു ദൈർഘ്യം. സ്വാതന്ത്ര്യസമര സംഗമവും പരിപാടിയുടെ ഭാഗമായി നടന്നു.
നേടിയത് വേൾഡ് ടാലന്റ് റെക്കാഡ്
കഴിഞ്ഞ റിപ്പബ്ലിക്ദിനത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ 1,219 ഗായകരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സംഗീതപരിപാടിയുടെ തുടർച്ചയായാണ് ഇത്തവണ 10,899 പേരെ അണിനിരത്തി പരിപാടി സംഘടിപ്പിച്ചത്. ഇതോടെ വേൾഡ് ടാലന്റ് റെക്കാഡും നേടി.
ഗായകർക്ക് ദേശീയപതാകയുടെ കുങ്കുമം, വെള്ള, പച്ച നിറങ്ങൾ സംയോജിപ്പിച്ച യൂണിഫോമും തൊപ്പിയും നൽകി. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ 4 കൂട്ടുകാർ പബ്ലിക്കേഷൻസിന്റെ പ്രഥമ പുസ്തകമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച ഗാനമേളകളുടെ ചരിത്രം കൗൺസിലർ റിനീഷ് ബി.എം. എച്ച്, സി.ഇ.ഒ.ഡോ. അനന്ത് മോഹൻ പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |