കോഴിക്കോട്: ഓണാഘോഷത്തിന്റെ തിരക്കിലേക്ക് നഗരം വഴിമാറിയതോടെ കോഴിക്കോട്ടെത്തുന്നവരുടെ സമയത്തിന്റെ പാതിയും ഗതാഗതക്കുരുക്കിൽ. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുമ്പോഴും അതിനനുസരിച്ചുള്ള ഗതാഗത സംവിധാനങ്ങളില്ലാത്തതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. രാവിലെ മുതൽ തന്നെ നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്.
മണിക്കൂറുകൾ നീളും
നഗരമദ്ധ്യത്തിലെ പുതിയ സ്റ്റാൻഡ്, മുതലക്കുളം, കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, സിവിൽ സ്റ്റേഷൻ, കല്ലായി, മീഞ്ചന്ത, തൊണ്ടയാട് തുടങ്ങിയ മേഖലകളിലെല്ലാം മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കുന്ദമംഗലം, പയ്യോളി, വടകര, താമരശ്ശേരി ഭാഗങ്ങളിലേക്കുള്ള പ്രധാന പാതകളിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടത്തും മഴപെയ്തതോടെ വെള്ളം കെട്ടിക്കിടന്നതും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള ദുരിത യാത്രയും ഗതാഗത തടസത്തിന് കാരണമായിട്ടുണ്ട്.
പാർക്ക് ചെയ്യാൻ നഗരം ചുറ്റണം
കോഴിക്കോട്ടെത്തുന്നവർ നേരിടുന്ന മറ്റൊരു വലിയ തലവേദനയാണ് പാർക്കിംഗ്. വാഹനം പാർക്ക് ചെയ്യാൻ ഇടം തേടി നഗരം ചുറ്റേണ്ട സ്ഥിതിയാണ്. നഗരത്തിലെ പ്രധാന വ്യാപാര, വിനോദ കേന്ദ്രങ്ങളായ മിഠായിത്തെരുവ്, മാനാഞ്ചിറ, വലിയങ്ങാടി, പാളയം തുടങ്ങിയിടങ്ങളിലെത്തുന്ന വാഹനങ്ങളാണ് പാർക്കിംഗ് സൗകര്യമില്ലാതെ വലയുന്നത്. സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളെ ആശ്രയിക്കാമെങ്കിലും അവിടെയും സൗകര്യങ്ങൾ പരിമിതമാണ്. ഇതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്. ഗതാഗതത്തിന് തടസമാകുന്ന രീതിയിലുള്ള ഈ പാർക്കിംഗും നഗരത്തിലെ കുരുക്കിനും പ്രധാന കാരണമാകുന്നു. വൈക്കം മുഹമ്മദ് ബഷീർ റോഡിലും കോംട്രസ്റ്റ് മതിലിനോട് ചേർന്നുള്ള ‘നോ പാർക്കിംഗ്’ മേഖലയിലുമടക്കം വാഹനങ്ങൾ നിർത്തിയിടുകയാണ്. നിരോധിത മേഖലകളിലെ പാർക്കിംഗ് നിയന്ത്രിക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും ബദൽ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ പ്രശ്നം വീണ്ടും ആവർത്തിക്കുകയാണ്.
പാർക്കിംഗ് പ്ലാസ എപ്പോൾ?
മിഠായിത്തെരുവ് പാർക്കിംഗ് പ്ലാസയുടെ നിർമാണം എന്ന് ആരംഭിക്കുമെന്ന് പോലും വ്യക്തമായിട്ടില്ല. വർഷങ്ങളായി ചർച്ചയിലൊതുങ്ങുന്ന പദ്ധതിക്ക് വേഗം കൂട്ടാൻ കഴിയാത്തതും നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒടുവിൽ സ്വന്തം ഉത്തരവാദിത്വത്തിൽ സ്വകാര്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ പണം നൽകി വാഹനം നിർത്തിയിടേണ്ട അവസ്ഥയിലാണ് നഗരത്തിലെത്തുന്നവർ.
നാളെ മുതൽ കോഴിക്കോട്ട് പാർക്കിംഗ് നിരോധനം
നഗരത്തിലെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പൊലീസ് നടപടി. എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിംഗ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷ്ണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |