SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാകാൻ ഇനിയും എത്രനാൾ?

road
പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ്

പടിഞ്ഞാറത്തറ: കോഴിക്കോട് - വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാകുന്നതും കാത്ത് നാട്ടുകാർ. താമരശ്ശേരി, കുറ്റ്യാടി വഴി വയനാട്ടിൽ എത്തുന്ന ആളുകൾക്ക് നിലവിലെ ദൂരം 16 കിലോമീറ്റർ ഓളം കുറയും എന്നതാണ് സവിശേഷത. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് റോഡിന്റെ പ്രവൃത്തി നിന്നു പോകാൻ കാരണം. നടപടികൾ വേഗത്തിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി. വനമേഖലയിലെ സർവേ നടപടികൾ പൂർത്തിയാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

ഇരു ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽ സോയിൽ ടെസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടന്നിട്ടില്ല. ഇതിനായി 2026 മാർച്ചിൽ പരിവേഷ് പോർട്ടലിൽ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനിയർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്തതിനാൽ വനം വകുപ്പ് അനുമതി നിഷേധിച്ചു. ആവശ്യമായ രേഖകളോടെ അപേക്ഷ നൽകി സോയിൽ ടെസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പൂർത്തീകരിച്ചാൽ മാത്രമേ പ്രാഥമിക അന്വേഷണം പൂർത്തിയാവൂ.

തലക്കല്ലിട്ടിട്ട് 30 വർഷം

30 വർഷങ്ങൾക്കു മുമ്പ് തലക്കല്ലിട്ട റോഡാണിത്. 27 കിലോമീറ്റർ ദൂരം വരുന്ന പൂഴിത്തോട് ബദൽ റോഡിന്റെ 14 കിലോമീറ്റർ ഓളം വരുന്ന ഭാഗം പ്രവൃത്തി നടത്തുന്നതിന് സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുകൊടുത്തിരുന്നു. ടാറിഗും പൂർത്തീകരിച്ചിട്ടുണ്ട്.

വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ കുറഞ്ഞ തുക ചിലവഴിച്ച് ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഏക ബദൽ റോഡാണിത്. വനമേഖലയിലെ സർവക്കായി ഒന്നരക്കോടി രൂപ കഴിഞ്ഞ സർക്കാർ വകയിരുത്തിയിരുന്നു.ടെണ്ടർ നടത്തി സർവേ നടപടികൾ ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. കോഴിക്കോട് ഭാഗത്തെ വന മേഖലയിലെ സർവേ നടപടികൾ പൂർത്തിയാക്കി ഗവൺമെന്റിന് സമർപ്പിച്ചാൽ മാത്രമേ റോഡിന്റെ അനുമതി ലഭിക്കുന്നതും ഫണ്ട് വകയിരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയു. ഈ റോഡിനു വേണ്ടി ജനകീയ കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 1327 ദിവസം പിന്നിട്ടു.

റോഡിനായി വനത്തിലൂടെയുള്ള 12. 940 കിലോമീറ്റർ ദൂരം വിട്ടു കിട്ടാൻ നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ5.56 ഹെക്ടർ ഭൂമിയും അന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പിന് കൈമാറിയതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL