സ്വകാര്യ ലാബുകളെ സഹായിക്കാൻ നീക്കമെന്നും ആക്ഷേപം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിൽ പരിശോധനയ്ക്ക് ഫീസ് ഏർപ്പെടുത്തിയതിനെ ചൊല്ലി വിവാദം. ജൂലായ് 30ന് ചേർന്ന ആശുപത്രി വികസന സമിതിയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രതിനിധികൾ ഫീസ് ഈടാക്കിയതിനെ അനുകൂലിച്ചതാണ് രോഗികൾക്ക് അമിതഭാരമുണ്ടാക്കിയതെന്നാണ് ബി.ജെ.പി ആരോപണം.
തങ്ങൾ മാത്രമാണ് തീരുമാനത്തെ എതിർത്തതെന്നും ഫീസ് വർദ്ധന പിൻവലിക്കും വരെ സമരം തുടരുമെന്നും ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കെ.പി പ്രകാശ്ബാബു പറഞ്ഞു. എന്നാൽ രോഗികൾക്ക് താങ്ങാവുന്ന കുറഞ്ഞ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും അതിലൂടെയുള്ള വരുമാനം പരിശോധനയ്ക്കുള്ള രാസവസ്തുക്കൾ വാങ്ങാനാണ് ഉപയോഗിക്കുകയെന്നും കെ.ജയന്ത് എം.എൽ.എ പറയുന്നു. ലാബിൽ ജീവനക്കാരും മറ്റ് സൗകര്യങ്ങളുമുണ്ട്. എന്നാൽ രാസവസ്തുക്കളില്ലാത്തതിനാൽ സൗകര്യങ്ങൾ രോഗികൾക്ക് പ്രയോജനപ്പെട്ടിരുന്നില്ല. ഇത് പരിഹരിച്ച് രോഗികളെ സഹായിക്കാനാണ് ഫീസീടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. മുഴുവൻ പരിശോധനകളും നീതി ലാബിലും സ്വകാര്യ ലാബുകളിലുമാണ് രോഗികൾ നടത്തിയിരുന്നത്. കുറഞ്ഞ ഫീസിൽ നിന്നുള്ള വരുമാനമുപയോഗിച്ച് രാസവസ്തു ക്ഷാമം പരിഹരിക്കുന്നതോടെ സ്വകാര്യ ലാബുകളുടെ ചൂഷണത്തിൽ നിന്ന് രോഗികളെ രക്ഷിക്കാം. സർക്കാർ നിരക്കിനെക്കാൾ പത്തിരട്ടിയിലധികമാണ് സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. രാസവസ്തുക്കൾ വാങ്ങാനുള്ള തുക കണ്ടെത്താൻ സി.പി.എം അടക്കമുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെട്ട ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസെെറ്റിയാണ് (എച്ച്.ഡി.എസ്) തീരുമാനിച്ചത്. ബി.ജെ.പി മാത്രമാണ് എതിർത്തത്. മറ്റ് ഗവ. മെഡിക്കൽ കോളേജ് ലാബുകളെക്കാൾ തുക കുറവാണ് ഇവിടെ ഈടാക്കുന്നത്. ബി.പി.എൽ കാർഡുകാർക്ക് എല്ലാ പരിശോധനകളും സൗജന്യമാണെന്നും ഫീസ് വർദ്ധനയെ അനുകൂലിക്കുന്നവർ പറയുന്നു.
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്
പരിശോധനയ്ക്ക് 800 രൂപ വരെ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി ആക്ഷേപം. പതിനാലോളം പരിശോധനയ്ക്കാണ് ഫീസ് ഏർപ്പെടുത്തിയത്. സ്‌കാനിംഗുകൾ, രക്ത പരിശോധന, എക്‌സ്‌റേ തുടങ്ങി ബാൻഡ് എയ്ഡ് മുതൽ പ്രമേഹ പരിശോധനയ്ക്കുള്ള സ്ട്രിപ്പുവരെ രോഗികൾക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. സ്വകാര്യ ആശുപത്രികളെയും ലാബുകളെയും സഹായിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ട്. ഫീസ് പിൻവലിച്ചില്ലെങ്കിൽ 31ന് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനാണ് ബി.ജെ.പി നീക്കം.
ബയോപ്സി ടെസ്റ്റിന് സ്വകാര്യ ലാബുകൾ ഈടാക്കുന്നത് 1000 - 2,000 രൂപ
കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി ലാബിൽ 110 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |