കോഴിക്കോട്: ഓണത്തിന് തൂശനിലയിൽ കുത്തരിച്ചോറും കറികളും പായസവുമൊക്കെയായി സദ്യയുണ്ണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ കീശ കുറച്ചുകൂടി കാലിയാക്കേണ്ടിവരും. സദ്യയിലെ പ്രധാന വിഭവങ്ങൾക്കുൾപ്പെടെ വില ഉയർന്നതോടെ കാറ്ററിംഗ് സ്ഥാപനങ്ങൾ ഓണസദ്യയുടെ നിരക്കും കൂട്ടി. വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും മൂന്നിനം പായസവുമടക്കം 23ഓളം വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ. അത്തംനാൾ മുതൽ തന്നെ ഓണസദ്യയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയ കാറ്ററിംഗ് സ്ഥാപനങ്ങൾ തിരുവോണ നാളിലേക്ക് വൻ ഓർഡറുകളാണ് ഏറ്റെടുക്കുന്നത്.
വിലക്കയറ്റമാണ് ഇത്തവണ കാറ്ററിംഗ് മേഖലയിലെ പ്രധാന വെല്ലുവിളി. സദ്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കായയുടെ വില ഒരാഴ്ചയ്ക്കിടെ 65 രൂപയായി ഉയർന്നു. പരിപ്പിന് 95 രൂപയായി. വെളിച്ചെണ്ണയ്ക്കും വാഴയിലയ്ക്കും വില കൂടി. സദ്യയുടെ പ്രധാന ഘടകങ്ങളായ പല സാധനങ്ങളുടെയും വില ഉയർന്നതോടെ കഴിഞ്ഞ വർഷത്തെ നിരക്കിൽ സദ്യ നൽകാൻ കഴിയാത്ത സാഹചര്യമാണ്. പാചകവാതകത്തിന്റെ വിലവർധനയും കാറ്ററിംഗ് സ്ഥാപനങ്ങളുടെ ചെലവ് കുത്തനെ ഉയർത്തി. കഴിഞ്ഞ വർഷം ഏകദേശം 1400 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന് ഇത്തവണ 3000 രൂപയോളമാണ്.
ഓണത്തിന് പ്രത്യേക കിറ്റുകൾ
തിരുവോണ ദിവസത്തേക്ക് പ്രത്യേകമായാണ് സദ്യക്കിറ്റുകൾ ഒരുക്കുന്നത്. വാഴയിലയും കിറ്റിനൊപ്പം നൽകും. വറുത്ത ഉപ്പേരി, ശർക്കരവരട്ടി, പരിപ്പ്, കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, പച്ചടി, അച്ചാർ, സാമ്പാർ, രസം, ഇഞ്ചിപ്പുളി, മോര്, പപ്പടം, കുത്തരിച്ചോറ്, നെയ്യ് തുടങ്ങിയ വിഭവങ്ങൾക്കൊപ്പം രണ്ട് മുതൽ മൂന്ന് തരം പായസവും കിറ്റുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. വീട്ടിൽ സദ്യയൊരുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമെന്നതാണ് ഇത്തരം കിറ്റുകളുടെ പ്രധാന ആകർഷണം. വാട്‌സാപ്പിലൂടെയും നേരിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് പണം അടക്കാം.
വില 250 മുതൽ
ഇപ്പോൾ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കുമുള്ള സദ്യ ഓർഡറുകളാണ് ലഭിക്കുന്നത്. ഇനങ്ങളിലെ വ്യത്യാസത്തിനനുസരിച്ചാണ് വില. ഒരാൾക്ക് 250-300 രൂപയാണ്. തിരുവോണ ദിവസത്തിൽ 23 ഇനങ്ങളടങ്ങിയ അഞ്ചുപേർക്ക് കഴിക്കാവുന്ന സദ്യയ്ക്ക് 2400 രൂപയാണ്. പായസത്തിന് മാത്രമായും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. അടപ്രഥമൻ ലിറ്ററിന് 300 രൂപ മുതലും പഴപ്രഥമൻ 350 രൂപ മുതലുമാണ് നിരക്ക്. പാൽപ്പായസം, പരിപ്പ് പായസം തുടങ്ങിയവയ്ക്കും പ്രത്യേകം ഓർഡർ നൽകാം.
''സാധനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയാണ്. എന്നാൽ ആ വിലയ്ക്കനുസരിച്ച് സദ്യയുടെ വില അമിതമായി വർദ്ധിപ്പിച്ചിട്ടില്ല. അതേസമയം വലിയ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സംഘങ്ങളെല്ലാം ഇപ്പോൾ സജീവമാണ്. ഇവരുടെ ചതിയിൽ വീഴാതെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മാത്രം ഭക്ഷണം ഓർഡർ ചെയ്യുക''
-പ്രേംചന്ദ് വള്ളിൽ
സംസ്ഥാന പ്രവർത്തകസമിതി അംഗം
ഓൾ കേരള കാറ്ററിംഗ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |