SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ഒരുക്കങ്ങളായി: കോഴിക്കോട് ജില്ലയിൽ ഓണാഘോഷം നാളെ മുതൽ

onam
onam

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി കോഴിക്കോട്, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നേകാൽ കോടിയാണ് മൊത്തം ചെലവ്. 40 ലക്ഷം വിനോദസഞ്ചാര വകുപ്പ് നൽകും. ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. 24ന് വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിലെ പ്രധാന വേദിയിൽ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി സിദ്ദീഖ് മുഖ്യാതിഥിയാകും.

കോഴിക്കോട് നഗരത്തിൽ കോഴിക്കോട് ബീച്ച് (ഓഗസ്റ്റ് 24-30), ടൗൺഹാൾ (ഓഗസ്റ്റ് 25-29), ഭട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27) കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയിൽ ജലോത്സവവും 26ന് അകലാപ്പുഴ, 27ന് കാപ്പാട്, 29ന് ഉള്ളൂർകടവ് എന്നിവിടങ്ങളിൽ കയാക്കിംഗ് ഫെസ്റ്റുമുണ്ടാകും. വിളംബര ഘോഷയാത്ര 23ന് വൈകിട്ട് മൂന്നിന് കോഴിക്കോട് സൗത്ത് ബീച്ച് മുതൽ ഫ്രീഡം സ്‌ക്വയർ വരെ നടക്കും.

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള തദ്ദേശ പൂക്കള മത്സരമുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, 50000 രൂപ, 25000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും നൽകും. നാളെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ. ബീച്ചിൽ 24ന് തൈക്കൂടം ബാൻഡിന്റെ സംഗീത പരിപാടി. 25ന് നടി ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം. ഹരീഷ് കണാരന്റെ കോമഡി ഷോ, 26ന് നരേഷ് അയ്യരുടെ സംഗീത പരിപാടി. 27ന് ഹരിശങ്കറിന്റെ ഗാനമേള, ബിജുല ബാലകൃഷ്ണന്റെ കുച്ചുപ്പുടി. 28ന് പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള 'ഇന്ത്യൻ വസന്തോത്സവം 2026' പരിപാടി. തുടർന്ന് ഷഹബാസ് അമന്റെ ഗസൽ. 29ന് മധു ബാലകൃഷ്ണന്റെ ഗാനമേളയും നൃത്തപരിപാടിയും. 30ന് സമാപന സമ്മേളനം മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതപരിപാടി.

വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ അഡ്വ.കെ ജയന്ത്, അഡ്വ.ഫൈസൽ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ജില്ലാകളക്ടർ എം.എസ് മാധവിക്കുട്ടി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ. നിയാസ്, ഫിനാൻസ് കൺവീനർ സുബ്രഹ്‌മണ്യൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL