കോഴിക്കോട് : നഗരത്തിലെത്തുന്നവരും നഗരത്തിലൂടെ കടന്നുപോകുന്നവരും ഇനി ക്യാമറക്കണ്ണുകളിലാകും. ട്രാഫിക് നിയമലംഘനങ്ങളും മാലിന്യം തള്ളുന്നതും തടയാൻ നഗരത്തിൽ 250 പുതിയ ക്യാമറകൾ സ്ഥാപിക്കാനാണ് സിറ്റി ട്രാഫിക് പൊലീസും കോർപ്പറേഷനും ഒരുങ്ങുന്നത്. ഉന്നത നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 200 പോയിന്റുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളിലും ക്യാമറകളുണ്ടാകും. ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും നമ്പർ പ്ലേറ്റ് മറച്ചുവയ്ക്കുന്നതുമടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ പൊലീസിന്റെ 100 എ.എൻ.പിആർ ക്യാമറകൾ സഹായിക്കും.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് കോർപ്പറേഷന്റെ 150 ക്യാമറകൾ പ്രധാനമായും ഉപയോഗിക്കുക. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ ക്യാമറക്കണ്ണുകൾ എത്തുന്നതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും പതിവായ ഇത്തരം പ്രവൃത്തികൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷ.
എട്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനമാണ് ക്യാമറകൾ സ്ഥാപിക്കുക. അഞ്ച് വർഷത്തോളമാണ് കരാർ കാലാവധി. ഇക്കാലയളവിൽ ക്യാമറകളുടെ അറ്റകുറ്റപ്പണികളും പരിപാലവും ഇവർക്കായിരിക്കും. നഗരത്തിലേക്ക് കടക്കുന്ന എല്ലാ റോഡുകളിലും ക്യാമറകളുണ്ടാവും. ട്രാഫിക് നിയമലംഘനങ്ങളും ഒപ്പം മറ്റ് കുറ്റകൃത്യങ്ങളും ഇതിലൂടെ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇതുവഴി പൊലീസിന് കഴിയും, എൻഒസി ലഭിച്ചതിന് ശേഷമാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ചുള്ള പരാതികൾ അടുത്തിടെ വർദ്ധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോർപ്പറേഷന്റെ പുതിയ പദ്ധതി.
ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് പൊലീസും കോർപ്പറേഷനും തമ്മിലുള്ള ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്. കോർപ്പറേഷന്റെ എൻ.ഒ.സി ലഭിച്ചാൽ തുടർനടപടികൾ വേഗത്തിലാക്കും. വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
- കെ. അബ്ദുൾ ഹക്കീം
ട്രാഫിക് സി.ഐ, കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |