കോഴിക്കോട്: മഴയും വെയിലും മാറിവരുന്നതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ഡെങ്കിപ്പനിയിലും കുത്തനെ വർദ്ധനവുണ്ട്. കഫക്കെട്ട്, തൊണ്ടവേദന എന്നിവയെ തുടർന്നും ആശുപത്രികളിലെത്തുന്നവർ ഏറിവരികയാണ്.
പനി ബാധിച്ച് ഗവ.ആശുപത്രികളിൽ മാത്രം അടുത്തിടെ ഒ.പിയിൽ ചികിത്സ തേടിയവർ നിരവധി പേരാണ്. അഡ്മിറ്റായവർ പുറമെ. സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി നൂറുകണക്കിന് പേരാണ് ചികിത്സയ്ക്കെത്തുന്നത്. ഡെങ്കിപ്പനിയെന്ന് സംശയിച്ചെത്തുന്നവരിൽ മിക്കവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഹോമിയോ ആയുർവേദ ചികിത്സ തേടുന്നവരും ഏറെയുണ്ട്. പലരും ഡോക്ടറെ കാണിക്കാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുവാങ്ങി കഴിക്കുന്നുമുണ്ട്. ഇത്തരക്കാരുടെ കണക്കില്ല.
പകർച്ചപ്പനിയുടെ തുടക്കം ജലദോഷമായാണ്. പിന്നീട് തൊണ്ടവേദനയും കഫക്കെട്ടും കൂടി പനി ശക്തമാകുന്നു. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും ചുമയുമായി ചികിത്സ തേടുന്നത്. പനി മാറിയാലും ചുമയും കഫക്കെട്ടും പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്. പനി ലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൃത്യസമയത്ത് ചികിത്സ തേടാത്തതും മുൻകരുതൽ എടുക്കാത്തതും രോഗം വ്യാപിക്കാൻ കാരണമാകും. മലിനജലവുമായും മറ്റും സമ്പർക്കത്തിലുള്ളവർ പനി ലക്ഷണം ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. എലിപ്പനിക്കെതിരെയും ജാഗ്രത പുലർത്തണം. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം പ്രതിരോധ മരുന്ന് കഴിക്കണം.
ഡെങ്കിപ്പനി പ്രധാന ലക്ഷണങ്ങൾ
തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, ചർമ്മത്തിൽ ചുവന്ന പാടുകൾ...
ചില പ്രതിരോധ മാർഗങ്ങൾ
കൊതുക് വളരാനുള്ള ഉറവിടങ്ങൾ നശിപ്പിക്കുക.
രോഗ ലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.
കൊതുകുവല ഉൾപ്പെടെ ഉപയോഗിക്കുക.
പനി ബാധിതർ ആഗസ്റ്റ് 16 മുതൽ 23 വരെ
(തീയതി, ഒ.പി ചികിത്സയ്ക്കെത്തിയവർ)
16....693
17.....900
18.....1204
19....942
20....1046
21....979
23....684
24....1059
25....758
26....391
27....803
28....1266
ഡങ്കിപ്പനി കണക്ക്
തിയതി, സംശയമുള്ളവർ, സ്ഥിരീകരിച്ചവർ
16....22....43
17.....10....0
18.....07...01
19....15....20
20....36....14
21....23....10
23....16....02
24....10....0
25....0....31
26....43....0
27....03....03
28....32....0
എലിപ്പനിക്കെതിരെ ജാഗ്രത വേണം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൈകാലുകളിൽ മുറിവുകളോ വിണ്ടുകീറലോ ഉള്ളവർ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്.
തോട്, കുളം തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കുക.
മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.
ആഹാരസാധനങ്ങൾ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്.
വീടുകളിലും പരിസരങ്ങളിലും എലി പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക.
പനി, തലവേദന, ക്ഷീണം, പേശികൾക്ക് കഠിനമായ വേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |