കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ- ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ) പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിന്റെ കാലാവധിയായ 60 ദിവസം 24ന് കഴിയും. അതിനിടെ മലയോര മേഖലയിയലെ പഞ്ചായത്തുകൾ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഭരണ സമിതികൾ ബില്ലിനെതിരെ ഗ്രാമസഭകളിലൂടെ പ്രതിഷേധിക്കാൻ തീരുമാനിച്ചു. കേന്ദ്രസർക്കാരിന് ഇ മെയിൽ അയച്ച് പ്രതിഷേധിക്കുകയാണ് കർഷക സംഘടനകൾ. കഴിഞ്ഞ ജൂലായിലെ വിജ്ഞാപനത്തിൽ കൂടുതൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നതാണ് കർഷകരുടെ ആശങ്ക കൂട്ടുന്നത്. കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ ആകെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എയായി നിർദ്ദേശിച്ചിരിക്കുന്നത്. കേരളത്തിലെ 131 വില്ലേജുകൾ പൂർണമായും ഇതിന്റെ പരിധിയിൽ വരും. 9,993.7 ചതുരശ്ര കിലോമീറ്ററിൽ 1,500 ചതുരശ്ര കിലോമീറ്ററോളം (ഏകദേശം 3.7 ലക്ഷം ഏക്കർ) ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുമെന്നാണ് കണക്ക്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി, താമരശ്ശേരി, വടകര താലൂക്കുകളിലായി 10 വില്ലേജുകൾ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുമെന്ന് കർഷകർ പറയുന്നു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്രസർക്കാർ നിയോഗിച്ച ഹൈപവർ കമ്മിറ്റിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിരുന്നു. ഇതിലെ നിർദ്ദേശങ്ങൾ പലതും കരട് വിജ്ഞാപനത്തിലില്ലെന്നും ആക്ഷേപമുണ്ട്.
വിജ്ഞാപനം മലയോര നിവാസികളെ ബാധിക്കില്ലെന്ന വാദമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. കൃഷിക്കും തോട്ടവിള പ്രവർത്തനങ്ങൾക്കും തടസമുണ്ടാകില്ല. ജനങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ബാധിക്കില്ലെന്നും പറയുന്നു. നിലവിലുള്ള വീടുകൾ നവീകരിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തടസമുണ്ടാവില്ലെന്നും പറയുന്നു. ചക്കിട്ടപ്പാറ, ചെമ്പനോട, കട്ടിപ്പാറ, കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, കാവിലുമ്പാറ, തിനൂർ എന്നിവയാണ് ആശങ്ക നിലനിൽക്കുന്ന വില്ലേജുകൾ.
വിജ്ഞാപനം: നിരോധനം ഇവയ്ക്ക്
കരിങ്കൽ ക്വാറി, മണലെടുപ്പ്, ഖനനം
വൻകിട മലിനീകരണ വ്യവസായങ്ങൾ
20,000 ചതുരശ്ര മീറ്ററിൽ കൂടുതലുളള കെട്ടിട നിർമ്മാണം
പുതിയ താപ വെെദ്യുത പദ്ധതികൾ
ടൗൺഷിപ്പുകൾ, ഏരിയ വികസന പദ്ധതികൾ
(50 ഹെക്ടറോ അതിൽ കൂടുതലോ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |