കോഴിക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാനഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് തുറന്നെങ്കിലും യാത്രാദുരിതത്തിന് ഇനിയും അറുതിയായില്ല. റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണപ്രവൃത്തികൾ പല ഭാഗങ്ങളിലും പൂർത്തിയാകാത്തതാണ് യാത്രക്കാർക്ക് തിരിച്ചടിയാകുന്നത്. ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുന്നതും നടപ്പാത ഒരുക്കുന്നതുമടക്കം പ്രധാന ജോലികൾ ഇനിയും പലയിടത്തും ബാക്കിയാണ്. നിർമാണം പൂർത്തിയാകാത്തതിനാൽ പലയിടത്തും ഓടകൾ തുറന്നുകിടക്കുകയാണ്. ഓടയ്ക്കുള്ളിൽനിന്ന് കൂർപ്പുള്ള കമ്പിക്കഷ്ണങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയുമുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഇത് അപകടഭീഷണിയാകുകയാണ്. കാൽതെറ്റി ഓടയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങളും പതിവാണ്. പല ഭാഗങ്ങളിലും പൂർത്തിയാകാത്ത സ്ലാബുകൾക്ക് മുകളിലേക്കാണ് യാത്രക്കാർ ഇറങ്ങേണ്ടിവരുന്നത്. നഗരത്തിലെ പ്രധാന ഗതാഗതപാതയായിരുന്നിട്ടും നേരത്തെ റോഡിന് മതിയായ വീതിയില്ലാത്തത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ പലപ്പോഴും ഗതാഗതം പൂർണമായി തടസ്സപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. റോഡ് വികസനത്തോടെ വീതി വർദ്ധിക്കുകയും ഇരുവശത്തും ശാസ്ത്രീയമായ ഓടകളും സുരക്ഷിതമായ നടപ്പാതകളും വരികയും ചെയ്യുന്നതോടെ യാത്രാദുരിതം മാറുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിർമാണം പൂർണമാകുന്നതിന് മുമ്പുള്ള ഉദ്ഘാടനം പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
ബസ് സ്റ്റോപ്പില്ല.... പാർക്കിംഗ് ഉണ്ട്
നാലുവരിപ്പാത ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ റോഡരികിൽ വണ്ടികൾ അനധികൃതമായി പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. മാവൂർ റോഡ് മുതൽ സി.എസ്.ഐ പള്ളിക്ക് മുൻവശം വരെയുള്ള ഭാഗങ്ങൾ, നടക്കാവ്, എരഞ്ഞിപ്പാലം ഭാഗങ്ങളിലെല്ലാം ബൈക്കുകളും കാറുകളും പാർക്ക് ചെയ്യുന്ന സ്ഥിതിയാണ്. ചിലയിടങ്ങളിൽ ഫുട്പാത്തിനോടടുപ്പിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിന്റെ വീതി കുറയുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഈ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അതേ സമയം പാതയുടെ പല ഭാഗങ്ങളിലും ബസ് സ്റ്റോപ്പുകളില്ലാത്തതിനാൽ ജനം വലയുകയാണ്. പലയിടത്തും ആളുകൾ കാത്ത് നിൽക്കുന്നതിനാൽ ബസുകൾ നിറുത്താതെ പോകുന്ന സംഭവങ്ങളുമുണ്ട്. മഴയും വെയിലും കൊണ്ടാണ് പലരും ബസ് കയറുന്നത്. മാത്രമല്ല ബസ് സ്റ്റോപ്പുകളില്ലാത്തതിനാൽ എവിടെ നിന്ന് ബസ് കയറുമെന്ന ആശങ്കയുമുണ്ട്.
തീരാതെ പ്രശ്നങ്ങൾ
കാൽനടക്കാർക്കു റോഡ് മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിൽ മീഡിയന്റെ ഉയരം കുറച്ചില്ല. മീഡിയന്റെ ഉയരം പല ഭാഗത്തും പല തരത്തിലാണ്. രണ്ടു മീറ്റർ വീതിയുള്ള മീഡിയനിൽ പൂച്ചെടികൾ വച്ചു പരിപാലിക്കാനായിരുന്നു പദ്ധതി. എന്നാലിപ്പോൾ ഇവിടെ ടാറിംഗും കോൺക്രീറ്റും അടക്കമുള്ള അവശിഷ്ടങ്ങളും മണ്ണുമടക്കമുള്ള മാലിന്യങ്ങളാണുള്ളത്. ചെടികൾ നനയ്ക്കാനുള്ള സംവിധാനവുമില്ല. മാത്രമല്ല മലാപ്പറമ്പ് ജംഗ്ഷനിൽ ഇപ്പോഴും തോന്നിയപോലെയാണ് ഗതാഗത നിയന്ത്രണം. ഇത് പലപ്പോഴും വൻ ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്. രണ്ട് ഘട്ടമായാണ് മാനാഞ്ചിറ -വെള്ളിമാട് കുന്ന് റോഡ് നവീകരണം. മാനാഞ്ചിറ - മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |