കോഴിക്കോട്: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങൾക്ക് ആശ്വാസമായിരുന്ന ‘മിഠായി’ പദ്ധതി നിലച്ചതോടെ ചികിത്സാച്ചെലവ് താങ്ങാനാകാതെ രക്ഷിതാക്കൾ. സൗജന്യമായി ലഭിച്ചിരുന്ന ഇൻസുലിനും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്ന സ്ട്രിപ്പുകളുമടക്കം ലഭിക്കാതായിട്ട് നാല് മാസത്തോളമായി. ഇതോടെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി മാസം 7,000 രൂപയോളം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ജില്ല ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രതിസന്ധി രൂക്ഷമാണ്.
കോഴിക്കോട് ജില്ലയിൽ 200 കുട്ടികൾ ടെെപ്പ് വൺ പ്രമേഹം ബാധിതർ
ജില്ലയിൽ 200 കുട്ടികൾ ടെെപ്പ് വൺ പ്രമേഹം ബാധിതരാണ്. ഇവർക്കുള്ള ഇൻസുലിന് പുറമെ ഗ്ലൂക്കോസ് അളവ് പരിശോധിക്കുന്ന സ്ട്രിപ്പുകളും ലഭിക്കുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതിനാൽ ദിവസം അഞ്ചും ആറും തവണ വരെ ഗ്ലൂക്കോസ് പരിശോധിക്കേണ്ടിവരും. ഇതിനുപയോഗിക്കുന്ന 50 സ്ട്രിപ്പുകളുടെ ഒരു പാക്കറ്റിന് വിപണിയിൽ ഏകദേശം 4,000 രൂപയാണ് ചെലവ്. ഇവ ലഭിക്കാത്തതിനാൽ നിത്യവും പുറമേ നിന്ന് വാങ്ങേണ്ടി വരികയാണ്. ഗ്ലൂക്കോസിന്റെ അളവനുസരിച്ച് ആവശ്യമായ സമയത്ത് ഇൻസുലിൻ സ്വയം നൽകുന്ന പമ്പിംഗ് സംവിധാനവും നിലവിലുണ്ട്. എന്നാൽ ഇതിന് ഏകദേശം ആറ് ലക്ഷം രൂപ ചെലവാകുന്നതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ഇത് പ്രായോഗികമല്ല. വില കുറഞ്ഞ ഗ്ലൂക്കോസ് ഡിറ്റക്ഷൻ സ്ട്രിപ്പുകളെ ആശ്രയിച്ചാണ് പലരും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്.
മുതിർന്നവരിൽ സാധാരണ കാണുന്ന ടൈപ്പ് ടു പ്രമേഹത്തിൽനിന്ന് വ്യത്യസ്തമാണ് കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹം. ആഗ്നേയഗ്രന്ഥിയിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതിനെ തുടർന്നാണ് ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം ഇല്ലാതാകുന്നത്. അതിനാൽ രോഗബാധിതരായ കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ പുറത്തുനിന്ന് ലഭ്യമാക്കേണ്ടിവരും. ഇൻസുലിൻ കുത്തിവെപ്പ് മുടങ്ങിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുകയും ചെയ്യും. ഇൻസുലിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന പരാതികൾക്ക് പിന്നാലെ പുതിയ ഇൻസുലിൻ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പകരം നേരത്തെ ലഭിച്ചിരുന്ന മരുന്നിന്റെ വിതരണവും ഇപ്പോൾ നിലച്ചിരിക്കുകയാണ്.
പദ്ധതി അവതാളത്തിൽ?
2018ലാണ് ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ചികിത്സയും മരുന്നും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ‘മിഠായി’ പദ്ധതി ആരംഭിച്ചത്. രണ്ടായിരത്തിലേറെ പേർ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. തുടക്കത്തിൽ ഗുണനിലവാരമുള്ള റാപ്പിഡ് ആക്ടിംഗ് ഇൻസുലിൻ നൽകിയിരുന്നെങ്കിലും പിന്നീട് സ്ലോ ആക്ടിംഗ് ഇൻസുലിനാണ് വിതരണം ചെയ്തിരുന്നത്. പദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മിഠായി സാറ്റലൈറ്റ് സെന്ററുകളിൽ എൻഡോക്രൈനോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങൾ പ്രാവർത്തികമായില്ല. ആധുനിക ചികിത്സയും കൗൺസലിംഗ്, മാതാപിതാക്കൾക്കുള്ള പരിശീലനം മറ്റു സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ലഭ്യമല്ല.
''മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവരുടെ മുൻപിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചതാണ്. പദ്ധതി പുനരാരംഭിച്ച് ഇൻസുലിൻ, പരിശോധനാ സ്ട്രിപ്പുകൾ ഉൾപ്പെടെയുള്ള അവശ്യസൗകര്യങ്ങൾ ഉടനെ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ''-
വിജേഷ്, പ്രസിഡന്റ്, ടെെപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസെെറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |