SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

നെല്ല് അല്ല, വിളയുന്നത് കത്രികപ്പുല്ല് !

kathri
കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിൽ വരുന്ന പാടത്ത് കത്രികപ്പുല്ല് വളർന്നു നിൽക്കുന്നു

പേരാമ്പ്ര: പൊന്ന് വിളഞ്ഞിരുന്ന കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലെ 30 ഏക്കറോളം വയലിൽ വർഷങ്ങളായി 'വിളയുന്നത്' കത്രികപ്പുല്ല് !. പുറത്തുനിന്നെത്തിച്ച വളത്തിലൂടെയാണ് കത്രികപ്പുല്ല് വ്യാപിച്ചതെന്നാണ് കർഷകർ പറയുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും പുല്ലിന്റെ വ്യാപനം നിയന്ത്രിക്കാനായിട്ടില്ല. കൃഷിയിറക്കാൻ പുല്ല് നീക്കണം. അതിന് യന്ത്രസഹായം വേണം. യന്ത്രമിറക്കാൻ വെള്ളം ഒഴിവാക്കണം. അതിന് തോട് നിർമ്മാണം പൂർത്തിയാക്കണം. തോട് പൂർത്തിയാക്കാൻ പുതിയ പദ്ധതി വേണം-.. സത്യത്തിൽ നൂറുകൂട്ടം പ്രശ്‌നങ്ങളുടെ കുരുക്കിലാണ് ഈ പാടശേഖരങ്ങൾ.

വെള്ളക്കെട്ട് ഒഴിവാക്കാൻ 2015ൽ വയലിന് നടുവിലൂടെ തോട് നിർമ്മാണം ആരംഭിച്ചിരുന്നു. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ ഒരുകോടി രൂപ ചെലവിലാണ് തുടങ്ങിയതെങ്കിലും, പൂർത്തിയായില്ല. ഇതിനിടെ പദ്ധതി പൂർത്തിയാകാതെ കിടക്കുന്ന മറുവശത്ത് റോഡരികിലുള്ള വയൽഭാഗങ്ങൾ നകത്തുന്നുമുണ്ട്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ മാണിക്കോത്ത് താഴെയുള്ള വാൽവിനുണ്ടായ ചോർച്ചയും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. വേനൽക്കാലത്തുപോലും പാടത്ത് വെള്ളം കെട്ടിനിൽക്കുകയാണ്.

ഭീതിയുയർത്തി കാട്ടുപന്നി

കാട്ടുപന്നി, പെരുമ്പാമ്പ് ശല്യം കർഷകരെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസികൾ പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി. ചെറുവണ്ണൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തുകളിലെ നിരവധി പാടശേഖരങ്ങളിലും സമാനമായ അവസ്ഥയുണ്ട്. ആവളപ്പാണ്ടി-കല്ലൂർ ഭാഗത്തെ നെൽവയലുകൾ, കീഴ്പയ്യൂർ കണ്ടൻചിറ, പേരാമ്പ്ര പഞ്ചായത്തിലെ പൈങ്കുളം, അഴകത്ത് പാടശേഖരങ്ങൾ, നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര തുടങ്ങി പല പ്രദേശങ്ങളിലും കൃഷിയിറക്കാനാവാത്ത സ്ഥിതിയാണ്.

കർഷകരുടെ ആവശ്യങ്ങൾ

കത്രികപ്പുല്ല് നീക്കാൻ നവീന യന്ത്രങ്ങൾ അനുവദിക്കണം

വെള്ളക്കെട്ട് ഒഴിവാക്കാൻ തോട് നിർമ്മാണം പൂർത്തിയാക്കണം

കനാലിലെ ചോർച്ച പരിഹരിക്കാൻ നടപടിയെടുക്കണം

വന്യജീവി ശല്യം പരിഹരിക്കുന്നതിന് പദ്ധതി തയ്യാറാക്കണം

പാടം നികത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണം

സമഗ്ര പുനരുജ്ജീവന പദ്ധതി തയ്യാറാക്കണം

സർക്കാരിന്റെ അടിയന്തര സഹായം ലഭിച്ചാൽ വീണ്ടും നെൽക്കൃഷിയിറക്കാൻ കർഷകർ തയ്യാറാണ്.

സുരേന്ദ്രൻ മുന്നൂറ്റൻകണ്ടി, ടി.എസ് ദേവരാജൻ, ആവടുക്ക പാടശേഖര സമിതി പ്രസിഡന്റ്, സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL