സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ
കാരമൂല ജുമാ മസ്ജിദിൽ
മുക്കം: ഭോപ്പാലിൽ സൈനിക സേവനത്തിനിടെ വീരമൃത്യുവരിച്ച കാരമൂല സ്വദേശി ജവാൻ മിദ്ലാജിന് കണ്ണീരോടെ വിടനൽകി ജന്മനാട്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ.
കഴിഞ്ഞ ദിവസം അന്തരിച്ച മിദ്ലാജിന്റെ ഭൗതികശരീരം ബുധനാഴ്ച രാത്രി എട്ടു മണിയോടെ നൂറ് കണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ് വീട്ടിലെത്തിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കാരമൂല ആസാദ് യു.പി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. പ്രിയപ്പെട്ടവനെ അവസാനമായി കാണുന്നതിന് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. ലെഫ്റ്റനന്റ് കേണൽ റിനൂപിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി സെന്ററിൽ നിന്നുളള സൈനികരാണ് പങ്കാളികളായത്. മിദ്ലാജ് ജോലി ചെയ്തിരുന്ന ഭോപ്പാൽ എഎസ് സി സെന്ററിലെ സൈനികരും പങ്കാളികളായി. സി.കെ. കാസിം എം.എൽ.എ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ തുടങ്ങി നിരവധി ജനപ്രതിനിധികളും സാമൂഹ്യസാംസ്‌കാരിക പ്രവർത്തകരും ആദരാഞ്ജലികൾ അർപ്പിച്ചു.
രാവിലെ ഒമ്പതരയോടെ ഔദ്യോഗിക ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും പൂർത്തിയാക്കി ഭൗതികശരീരം കാരമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |