കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് ആർട്ടിലറി ഷെൽ. പുതിയാപ്പ ഹാർബറിൽനിന്ന് കടലിൽ പോയ രാജലക്ഷ്മി ബോട്ടിലെ തൊഴിലാളികൾക്കാണ് വലയിൽനിന്ന് ഷെൽ ലഭിച്ചത്. തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ഒൻപതിന് മത്സ്യബന്ധനത്തിനായി വലവീശുന്നതിനിടെയാണ് തൊഴിലാളികൾക്ക് ഷെൽ ലഭിച്ചത്. വലയിൽ കുടുങ്ങിയ വസ്തു അപകടകരമാണെന്ന് ആദ്യം തിരിച്ചറിയാതിരുന്നതിനാൽ ബോട്ടിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിലേക്ക് മാറ്റി. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് തൊഴിലാളികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലഭിച്ചത് എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും ഇത്രയും ഗൗരവമുള്ള വസ്തുവാണെന്ന് കരുതിയിരുന്നില്ലെന്നും തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇത് ആർട്ടിലറി ഷെല്ലാണെന്ന് സ്ഥിരീകരിച്ചത്.ഷെല്ലിനുള്ളിൽ സ്ഫോടക വസ്തുക്കൾ അവശേഷിച്ചിരിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഇത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. വിവരമറിഞ്ഞ് കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഷെല്ലിന്റെ ഉറവിടം സംബന്ധിച്ച് നാവികസേനയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. നാവികസേനയുടെ കപ്പലിൽനിന്ന് അബദ്ധത്തിൽ കടലിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.വിദഗ്ധ പരിശോധന പൂർത്തിയായ ശേഷമേ ഷെല്ലിന്റെ പഴക്കം, ഉറവിടം, അപകടസാദ്ധ്യത തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |