കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലേക്ക് പൂർണമായി മാറ്റുമെന്ന നിലപാടിലുറച്ച് കോർപ്പറേഷൻ. പുതിയ മാർക്കറ്റ് മാറ്റവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വ്യാപാരികൾ ഇപ്പോഴും സമരത്തിലാണ്. വ്യാപാരികളുടെയും ട്രേഡ് യൂണിയൻ സംഘടനകളുടെയും യോഗം വിളിച്ചുചേർത്തിരുന്നുവെങ്കിലും പാളയം കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തില്ല. പിന്നീട് കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി യോഗം ചേർന്നെങ്കിലും സമവായം ഉണ്ടായില്ല. തുടർന്നാണ് കർശന തീരുമാനത്തിലേക്ക് കോർപ്പറേഷൻ കടക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനം. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി അടുത്തദിവസം തന്നെ ചർച്ച നടത്തും. കച്ചവടക്കാരുടെ ആവശ്യങ്ങളെല്ലാം പരിഗണിച്ചതാണെന്നും അവർ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പാളയത്ത് നിന്ന് മാറാതെ വാശിപിടിക്കുകയാണെന്നാണ് കോർപ്പറേഷൻ പറയുന്നത്. കല്ലുത്താൻകടവ് ഏരിയാ ഡെവലപ്മെന്റ് കമ്പനിയാണ് പുതിയ മാർക്കറ്റ് നിർമിച്ച് കോർപ്പറേഷന് കൈമാറിയത്. ഇനിയും മാർക്കറ്റ് പ്രവർത്തിപ്പിക്കാനായില്ലെങ്കിൽ കോർപ്പറേഷന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാകും. മേയർ ഒ സദാശിവൻ വിളിച്ചുചേർത്ത യോഗത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളും വ്യാപാരികളും കല്ലുത്താൻ കടവിലേക്ക് മാറില്ല എന്ന പഴയ നിലപാട് ആവർത്തിക്കുകയാണ്. പാളയം മാർക്കറ്റ് നവീകരിക്കണമെന്നും അവിടെ തന്നെ തുടരാനാണ് താത്പര്യമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കോർപ്പറേഷന് വെല്ലുവിളി
ഉദ്ഘാടനം കഴിഞ്ഞ് പതിനൊന്ന് മാസം പിന്നിട്ടിട്ടും പ്രവർത്തിക്കാൻ കഴിയാത്തത് കോർപറേഷന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. നൂറുകണക്കിന് കടമുറികൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കിയെങ്കിലും മാർക്കറ്റ് പൂർണമായ തോതിൽ പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. 370 മുറികളാണ് ഇവിടെയുള്ളത്. എന്നാൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. മൂന്നുനില കെട്ടിടത്തിന്റെ താഴെ നിലയിൽ മാത്രമാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നത്. കല്ലുത്താൻകടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനിയായ കാഡ്കോ നിർമിച്ച ന്യൂ പാളയം മാർക്കറ്റിന് ഏകദേശം 100 കോടി രൂപയാണ് ചെലവായത്.
കച്ചവടക്കാരുടെ ഡിമാന്റുകളെല്ലാം കോർപ്പറേഷൻ കേട്ടതാണ്. എല്ലാം കാര്യങ്ങൾ ചെയ്തിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാറില്ലെന്ന് വാശി പിടിക്കുകയാണ്. പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ട് പോകുക തന്നെ ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി അടുത്ത ദിവസം തന്നെ ചർച്ച നടത്തും.
ഒ.സദാശിവൻ-മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |