കോഴിക്കോട്: പോരാട്ട ചരിത്രത്തിന്റെ ഓർമകളുണർത്തി കോഴിക്കോടിന്റെ മണ്ണിൽ ചെങ്കൊടിയേന്തി ലക്ഷങ്ങൾ ഇന്ന് കടപ്പുറത്തേക്കൊഴുകും. സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള മഹാറാലിക്ക് ഇന്ന് വൈകിട്ട് കടപ്പുറം വേദിയാകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തുന്ന ജനലക്ഷങ്ങൾ റാലിയിൽ അണിനിരക്കും. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സമരപാരമ്പര്യം ഉയർത്തിപ്പിടിച്ചാകും മഹാറാലി. റാലിയെ അഭിസംബോധന ചെയ്ത് പാർടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസാരിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സെൽ രൂപീകരണത്തിനും ആദ്യ സംസ്ഥാനസമ്മേളനത്തിനും വേദിയായ കോഴിക്കോട്ട് തെറ്റുതിരുത്തലുകളുമായി പാർട്ടി നടത്തിയ മൂന്നു ദിവസത്തെ സംസ്ഥാന സമിതി മഹാസംഭവമാക്കാനാണ് പ്രവർത്തകരും നേതാക്കളും ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിക്ക് സമാപനം കുറിച്ചുള്ള മഹാറാലിയുടെ അവസാനവട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള പാർട്ടി പ്രവർത്തകരും അനുഭാവികളും റാലിയിൽ പങ്കെടുക്കും. തൊഴിലാളി സംഘടനകൾ, യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ, വനിതാ പ്രവർത്തകർ തുടങ്ങി ഒന്നര ലക്ഷത്തോളം ജനങ്ങൾ റാലിയിൽ പങ്കെടുക്കും.
നഗരത്തിൽ ഗതാഗത നിയന്ത്രണം
റാലിയുടെ ഭാഗമായി നഗരത്തിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റാലിക്കെത്തുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. കൊയിലാണ്ടി, പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മൽ ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ വെങ്ങാലി പാലത്തിന്റെ അടിയിൽക്കൂടെ പുതിയാപ്പ, ഭട്ട് റോഡ്, ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനിൽ ആളെയിറക്കി ഭട്ട് റോഡ് ബീച്ച് സൈഡിൽ പാർക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ കണ്ണൂർ റോഡ് ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ വഴി ഫ്ലൈ ഓവറിൽ ആളെയിറക്കി എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ പാർക്ക് ചെയ്യണം. ഫറോക്ക്, കോഴിക്കോട് സൗത്ത് ഏരിയകളിൽ നിന്നുള്ള വാഹനങ്ങൾ സീ ക്യൂൻ ഹോട്ടലിന് സമീപം ആളെയിറക്കി കോതി സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. കോഴിക്കോട് നോർത്ത്, കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റികൾ ക്രിസ്ത്യൻ കോളേജ് കണ്ണൂർ റോഡ് ജംഗ്ഷനിൽ ആളെയിറക്കി സരോവരം റോഡിന് എതിർവശത്തുള്ള പീവിസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |