SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

വിപുലീകൃത സംസ്ഥാന സമിതിക്ക് ഉജ്ജ്വല സമാപനം ഇരമ്പിയെത്തിയത് ചെങ്കടൽ

cpm
കോഴിക്കോട് ബീച്ചിൽ സി.പി.എം വിപുലീകൃത സംസ്ഥാന സമിതിക്കുശേഷം നടന്ന മഹാറാലി വേദിയിൽ അണികളെ അഭിസംബോധന ചെയ്യുന്ന ജനറൽ സെക്രട്ടറിഎം.എ.ബേബി, പി.ബി.അംഗം പിണറായി വിജയൻ, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസ് എന്നിവർ. ഫോട്ടോ:രോഹിത്ത് തയ്യിൽ

കോഴിക്കോട്: അസ്തമയ സൂര്യന്റെ ചുവപ്പിനൊപ്പം കടപ്പുറത്തേക്കുള്ള വഴികളും ചുവക്കുകയായിരുന്നു ഇന്നലെ. തളർന്നിട്ടില്ലെന്നും തിരികെവരുമെന്നും വിളിച്ചോതുന്നതായി കോഴിക്കോട് കടപ്പുറത്തെ ജനസാഗരം. ഇതോടെ സി.പി.എം വിപുലീകൃത സംസ്ഥാന സമിതിക്ക് ഉജ്ജ്വല സമാപനമായി. ഉച്ച മുതൽതന്നെ കോഴിക്കോട് കടപ്പുറത്തേക്ക് പാർട്ടി പ്രവർത്തകർ ഒഴുകുകയായിരുന്നു.

കൈകളിൽ ചെങ്കൊടിയുമായി നേരത്തേയെത്തിയവർ വേദിയുടെ മുൻപിൽതന്നെ ഇടംപിടിച്ചു. വൈകിയെത്തിയവർ തീരത്തും റോഡുകളിലുമായി നിലയുറപ്പിച്ചു. വൈകീട്ടോടെ കാലുകുത്താൻ ഇടമില്ലാത്തവിധം ജനങ്ങൾ തിങ്ങി നിറഞ്ഞു. ചെങ്കൊടികളുടെ നിരയും മുദ്രാവാക്യങ്ങളും തീരത്തെ ആവേശത്തിലാഴ്ത്തി.

വിവിധ ഏരിയകളിൽനിന്നുള്ള പ്രവർത്തകരും അനുഭാവികളും സംഘങ്ങളായാണ് നഗരത്തിലെത്തിയത്. തൊഴിലാളികൾ, യുവജനവിദ്യാർത്ഥി വിഭാഗങ്ങൾ, വനിതാ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ളവർ ആവേശത്തോടെ റാലിയുടെ ഭാഗമായി. ഉദ്ഘാടന പ്രസംഗം തുടങ്ങിക്കഴിഞ്ഞിട്ടും മൈതാനത്തേക്ക് പ്രവർത്തകരുടെ ഒഴുക്ക് തുടർന്നുകൊണ്ടേയിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സെൽ രൂപീകരണത്തിനും ആദ്യ സംസ്ഥാനസമ്മേളനത്തിനും വേദിയായ കോഴിക്കോട്ട് തെറ്റുതിരുത്തലുകളുടെ സന്ദേശമുയർത്തിയാണ് പാർട്ടി നടത്തിയ മൂന്നുദിവസത്തെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് മഹാറാലിയോടെ സമാപനമായത്. പോരാട്ട ചരിത്രത്തിന്റെ ഓർമകളും പാർട്ടിയുടെ സംഘടനാ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി.

മഹാറാലിയോടനുബന്ധിച്ച് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾക്കിടയിലും വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകരുടെ ഒഴുക്കിന് കുറവുണ്ടായില്ല. റാലിക്കെത്തിയ വാഹനങ്ങൾ നിശ്ചയിച്ച കേന്ദ്രങ്ങളിൽ പാർക്ക് ചെയ്ത ശേഷമാണ് പ്രവർത്തകർ കടപ്പുറത്തേക്ക് എത്തിയത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണമുണ്ടായിരുന്നതിനാൽ വാഹനങ്ങൾ പോകാൻ പ്രയാസപ്പെട്ടു. ഗതാഗതക്കുരുക്കുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL