വൈദ്യുതി മുടക്കിൽ റാന്തൽ വിളക്കുമേന്തി ബി.ജെ.പി. പ്രതിഷേധം
കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യസംസ്‌കരണ പദ്ധതിക്ക് കരാർ നൽകിയിരുന്ന സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട അജണ്ടയെച്ചൊല്ലി കോർപ്പറേഷൻ സ്പെഷ്യൽ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ തർക്കം. സോണ്ട ഇൻഫ്രാടെക്കിന് ജി.എസ്.ടി ഇനത്തിൽ തെറ്റായി നൽകിയ 27.72 ലക്ഷം രൂപ തിരിച്ചുപിടിക്കുന്നതും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നത് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുന്നതും സംബന്ധിച്ച അജണ്ടയിലാണ് തർക്കമുണ്ടായത്. വിഷയം കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വിശദമായി ചർച്ച ചെയ്തിരുന്നെങ്കിലും അജണ്ട മാറ്റിവെച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ മിനുറ്റ്സിൽ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. കൗൺസിലർമാർ രംഗത്തെത്തിയത്. യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നെന്നും അന്ന് അജണ്ട മാറ്റിവെച്ചിരുന്നെന്നും അംഗങ്ങൾ പറഞ്ഞു. എന്നാൽ അജണ്ട മാറ്റിവെച്ചത് മിനിറ്റ്സിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. വിഷയത്തിൽ കഴിഞ്ഞ കൗൺസിലിൽ വിശദമായ ചർച്ച നടന്നിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുത്തെന്നും അജണ്ട പാസാക്കിയതാണെന്നും മേയർ ഒ.സദാശിവനും വ്യക്തമാക്കി.
വിഷയത്തിൽ ദീർഘനേരം ചർച്ച നടന്നിരുന്നെന്നും അന്ന് അജണ്ട മാറ്റിവെച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫിന് പിന്തുണയുമായി ബി.ജെ.പി അംഗങ്ങളും രംഗത്തെത്തി. അജണ്ട മാറ്റിവെച്ചതാണെങ്കിൽ വിഷയത്തിൽ എങ്ങനെയാണ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് മേയർ ചോദിച്ചു. സോണ്ട ഇൻഫ്രാടെക്കിന് ജി.എസ്.ടി ഇനത്തിൽ തെറ്റായി നൽകിയ 27.72 ലക്ഷം രൂപ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ജി.എസ്.ടി വകുപ്പിന് കത്ത് നൽകുക, സോണ്ട ഇൻഫ്രാടെക്കിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നതിന് നിയമോപദേശം തേടുക, തുടർനടപടികൾ സ്വീകരിക്കുക എന്നീ മൂന്ന് കാര്യങ്ങളിലാണ് അന്ന് തീരുമാനമെടുത്തതെന്ന് മേയർ പറഞ്ഞു. കൗൺസിലിന്റെ അനുമതിയോടെയേ ഇത്തരം നടപടികൾ സ്വീകരിക്കാനാകൂവെന്ന് സെക്രട്ടറി സാജുവും വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ യോഗത്തിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് മേയറും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ വാക്കുതർക്കമായി. ചർച്ചകളും തീരുമാനങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്നതിനായി കൗൺസിൽ ഹാളിൽ റെക്കോർഡിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും അംഗങ്ങൾ മുന്നോട്ടുവച്ചു.
വൈദ്യുതി മുടക്കം; റാന്തൽ വിളക്കുമേന്തി ബി.ജെ.പി. പ്രതിഷേധം
വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് റാന്തൽ വിളക്കുമേന്തി ബി.ജെ.പി. കൗൺസിലർമാർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. കൗൺസിൽ ആരംഭിച്ച ഉടൻ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിക്കാനുണ്ടെന്ന് ബി.ജെ.പി. അംഗങ്ങൾ അറിയിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് മേയർ ഒ.സദാശിവൻ വ്യക്തമാക്കി. ഇതോടെ പ്രതിഷേധമുണ്ടെന്ന് അറിയിച്ച് ബി.ജെ.പി. അംഗങ്ങൾ റാന്തൽ വിളക്കുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കൗൺസിൽ ഹാളിന് ചുറ്റും പ്രതിഷേധിച്ച് പുറത്തിറങ്ങി. കോർപ്പറേഷനുള്ളിലും പ്രതിഷേധം തുടർന്ന ബി.ജെ.പി. അംഗങ്ങൾ സമരമവസാനിപ്പിച്ച് രാവിലെ 10.55ഓടെ കൗൺസിൽ ഹാളിലേക്ക് തിരിച്ചെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |