സുൽത്താൻ ബത്തേരി: വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പുകളുമായി അഞ്ചുപേർ പിടിയിൽ. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് വീട്ടിൽ ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44), കുറിച്ച്യാട് സ്വദേശികളായ ബാലൻ (54), രാജേഷ് (35), പണയമ്പം സ്വദേശി ജിത്തു (27) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇവരിൽനിന്ന് ഒരു ജോഡി ആനക്കൊമ്പും കൊമ്പിന്റെ കഷണവും കണ്ടെടുത്തു. സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ ചെതലയം ആറാംമൈൽ ഹോം സ്റ്റേയിൽ വച്ചാണ് ഷമിൻ ഫ്രാൻസീസിനെയും അഭിലാഷിനെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് രാത്രി മറ്റ് മൂന്നുപേർ കൂടി പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് കൽപ്പറ്റ വിജിലൻസ് റെയിഞ്ച് , കുറിച്യാട് റെയിഞ്ച്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തുംമുമ്പ് ഇരുവരെയും വനംവകുപ്പ് പിടികൂടിയത്. ആനക്കൊമ്പ് ഇവർക്ക് കിട്ടിയതിനെക്കുറിച്ചും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. കൽപ്പറ്റ വിജിലൻസ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ,. ഹാഷിഫ്, ബി.എഫ്.ഒമാരായ കെ.സി വിപിൻദാസ്, സംഗീത് കരുണാകരൻ, ഡ്രൈവർ കെ. രവീന്ദ്രൻ, കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. രൂപേഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഇ. ബൈജുനാഥ്, പി.എം ബിനീഷ്, എം.എൽ. നിശ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |