കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണം വന്നതിനാൽ ലെെസൻസുള്ള ഷൂട്ടർമാരിൽ ഏറെപേരും ഒരു മാസത്തോളമായി വേട്ട നിറുത്തിയതോടെ പന്നിശല്യം രൂക്ഷം. വിളനാശവും കൂടി. വില്ലേജ് പരിധിവിട്ട് പന്നിവേട്ട നടത്തരുതെന്നാണ് നിർദ്ദേശം. ഇതുവരെ പഞ്ചായത്തുകളുമായി സഹകരിച്ച് സ്ഥലപരിധി നോക്കാതെ വേട്ട നടത്തിയിരുന്നു. ആംസ് ആക്ട് പ്രകാരം ജില്ല, സംസ്ഥാന, ദേശീയ തലത്തിൽ തോക്ക് ലെെസൻസികളുണ്ടെങ്കിലും ഇവരിൽ 80 ശതമാനത്തിന്റെയും സ്ഥലപരിധി (ഏരിയ വാലിഡിറ്റി) ബന്ധപ്പെട്ട വില്ലേജിനകത്തായി പരിമിതപ്പെടുത്തി. ലംഘിച്ചാൽ തോക്ക് ലെെസൻസ് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഷൂട്ടർമാർ. അതേസമയം ഓണററി വെെൽഡ് ലെെഫ് വാർഡന്റെ അധികാരമുള്ളതിനാൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പന്നികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടാം. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവിധ പഞ്ചായത്തുകളിൽ 35 മുതൽ 45 പേരടങ്ങുന്ന, ഷൂട്ടർമാർ പന്നിവേട്ട നടത്തിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഷൂട്ടർമാരും പങ്കെടുത്തിരുന്നു.
പന്നിശല്യത്തിൽ പൊറുതിമുട്ടുന്ന പഞ്ചായത്തുകൾ ഇപ്പോൾ ഷൂട്ടർമാരെ കിട്ടാതെ വലയുകയാണ്. നിരവധി പഞ്ചായത്തുകൾ സഹായം ചോദിച്ചിട്ടും നൽകാനാവുന്നില്ലെന്ന് ഷൂട്ടർമാർ പറയുന്നു. അർഹരായവർക്ക് പൊലീസും ജില്ലാ ഭരണകൂടവും തോക്ക് ലെെസൻസ് നിഷേധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. കൂടുതൽ തോക്കുകൾ അനുവദിക്കുന്നത് മാവോയിസ്റ്റ് ഭീഷണിയടക്കം ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നാണ് അവരുടെ ആശങ്ക. കേരളത്തിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സംബന്ധിച്ച് കേന്ദ്രസർക്കാരും കേരളവും രണ്ടുതട്ടിലാണ്.
ലെെസൻസ് കാലാവധിയിലും വിവേചനം
തോക്ക് ലെെസൻസിന്റെ കാലാവധിയിലും വിവേചനമുണ്ടെന്ന് ആക്ഷേപം. കണ്ണൂരിൽ അഞ്ച് വർഷത്തേയ്ക്ക് ലെെസൻസ് അനുവദിക്കാറുണ്ട്. കോഴിക്കോട് ഒരു വർഷത്തേയ്ക്കാണ് ആദ്യം അനുവദിക്കുന്നത്. തുടർന്ന് നാല് വർഷത്തേയ്ക്കും. പുതുക്കാൻ പൊലീസ് വെരിഫിക്കേഷനടക്കം സങ്കീർണമായ നടപടിക്രമമുണ്ട്. തിര അനുവദിക്കുന്നതിലും വിവേചനമുണ്ട്. ജില്ലാ ലെെസൻസുള്ളവർക്ക് വർഷത്തിൽ 200 തിരകൾ നൽകുമ്പോൾ മറ്റുള്ളവർക്ക് 100 എണ്ണമേ നൽകാറുള്ളൂ. ഇവ എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആർമികളിൽ നിന്ന് വാങ്ങണം. അതിനുള്ള യാത്രാചെലവും വഹിക്കണം.
ഒരു തിരയ്ക്ക് വില....130-150 രൂപ
പന്നിവേട്ടയ്ക്ക് സർക്കാർ അനുവദിക്കുന്ന തുക
വെടിവച്ചു കൊല്ലാൻ....1500 രൂപ
കൊന്നവയെ സംസ്കരിക്കാൻ...2,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |