SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ഗാന്ധിജിക്ക് കമ്മൽ ഊരിക്കൊടുത്ത മാണിക്കാമ്മയെ കാലം മറന്നുവോ ..!

manikkamma
മാണിക്കാമ്മ

കോഴിക്കോട് : ഗാന്ധിജിയുടെ വടകര സന്ദർശനത്തിന് 92 വർഷം പിന്നിടുമ്പോൾ അധികമാരും അറിയാതെ പോയ ഒരു ത്യാഗത്തിന്റെ കഥ കൂടി ഓർമ്മിക്കേണ്ടതുണ്ട്. 1934 ജനുവരിയിൽ മഹാത്മാഗാന്ധി വടകരയിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രചോദിതയായി കാതിലെ വലിയ കൊരണ്ട് (കമ്മൽ) അഴിച്ചുനൽകിയ മാണിക്കാമ്മയെ. ചരിത്രത്തിൽ ഗാന്ധിജിയുടെ വടകര സമ്മേളനത്തിൽ എല്ലാവരും ചർച്ചചെയ്തത് കൗമുദിടീച്ചറെയാണ്. മാലയും വളയും ഊാരി നൽകിയ കൗമുദിയെന്ന കുട്ടിയെ ഗാന്ധിയും ഓർമകളിൽ പരാമർശിച്ചു. പക്ഷെ പറയാതെ പോയ പേരാണ് മാണിക്കാമ്മയുടേത്. വടകര കോട്ടപ്പറമ്പിൽ ചക്കര വിൽക്കാനെത്തിയതായിരുന്നു വടകരയ്ക്കടുത്ത ഇരിങ്ങൽ മൂരാട് പെരിങ്ങാട്ട് കോവുമ്മൽ വേട്ടുവൻകണ്ടി മാണിക്കാമ്മ. ഗാന്ധിജിയുടെ വാക്കുകൾ കേട്ടതോടെ കാതിലെ കൊരണ്ട് ഊരിക്കൊടുത്തു അവർ. സ്വാതന്ത്ര്യസമര സേനാനികളായ കെ. കുഞ്ഞിരാമക്കുറുപ്പും വാഴയിൽ കണാരൻ മാസ്റ്ററും സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു.
എന്നാൽ ആരായിരുന്നു ആ ചക്കരവിൽപ്പനക്കാരി എന്ന ചോദ്യം പതിറ്റാണ്ടുകളോളം ഉത്തരമില്ലാതെ കിടന്നു. ആഭരണം കാണാതായതിനെക്കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ 'ഊരിവച്ചതാണ്' എന്നായിരുന്നു മാണിക്കാമ്മ പറഞ്ഞിരുന്നത്. താൻ ചെയ്ത ത്യാഗം നാടറിയണമെന്ന ആഗ്രഹമൊന്നും അവർക്കുണ്ടായിരുന്നില്ല. മറ്റുള്ളവരെ സഹായിക്കാൻ മടിയില്ലാത്ത മാണിക്കാമ്മയ്ക്ക് ഗാന്ധിജിക്ക് ആഭരണം നൽകിയത് വലിയ കാര്യമായി തോന്നിയതുമില്ല.

നാട്ടിൽ 'പഞ്ചായത്ത് മാണിക്കാമ്മ' എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. സഹായം ചോദിച്ചെത്തുന്നവരെ കൈവിടാത്ത ദാനശീലയായിരുന്നു അവർ. മൂന്ന് മക്കളെയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട മാണിക്കാമ്മ സഹോദരിയുടെ കുഞ്ഞിനെയും വളർത്തി. ചക്കര വിൽപ്പനയ്ക്കായി രാവിലെ വടകരയിലെത്തിയാൽ വൈകീട്ടാണ് മടങ്ങിയിരുന്നത്. പോകുമ്പോൾ ധരിച്ചിരുന്ന മുണ്ട് പോലും ആർക്കെങ്കിലും നൽകി ലുങ്കിയുമായി തിരിച്ചെത്തിയിരുന്നുവെന്ന് അവർ വളർത്തിയ കുത്തിപ്പറമ്പത്ത് നാണു ഓർക്കുന്നു.

മാണിക്കാമ്മയുടെ സഹോദരൻ കണാരൻ ചെത്തുകാരനായിരുന്നു. കള്ളിൽനിന്ന് ചക്കരയുണ്ടാക്കി ആ ചക്കര വടകരയിലെത്തിച്ച് വിൽക്കുന്നത് മാണിക്കാമ്മയായിരുന്നു. അങ്ങനെയൊരു സാധാരണ ജീവിതത്തിനിടയിലാണ് മഹാത്മാഗാന്ധിയുടെ വാക്കുകൾ കേട്ട് സ്വന്തം ആഭരണം അവർ അഴിച്ചുനൽകിയത്. 1999ൽ മാണിക്കാമ്മ വിടപറഞ്ഞു. എന്നാൽ ഒൻപത് പതിറ്റാണ്ടിനുശേഷം അവരുടെ പേര് വീണ്ടും ചരിത്രത്തിന്റെ ഓർമ്മപ്പുസ്തകത്തിൽ തെളിഞ്ഞു. ഗാന്ധിജയന്തി ഓർമപ്പെടുത്തുന്നത് ഗാന്ധിജിയുടെ വാക്കുകളും ജീവിതവും മാത്രമല്ല; ആ വാക്കുകളിൽ വിശ്വസിച്ച് സ്വന്തം ജീവിതത്തിൽ അതിന്റെ അർത്ഥം പകർത്തിയ, ചരിത്രത്താളുകളിൽ പേരില്ലാതെ പോയ മനുഷ്യരെയും കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL