SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 PM IST

ഭഗവാനെ കൊട്ടിപ്പാടി ഉണർത്താൻ സുധ ശെൽവ ജെയിൻ

sudha
സുധ സെൽവ ജെയിൻ മാനികാവ് ശിവക്ഷേത്രത്തിൽ സോപാന സംഗീതം ആലപിക്കുന്നു.

മാനികാവ്: ഭഗവാനെ കൊട്ടിപ്പാടി ഉണർത്താൻ ഒരു വനിത. മാനികാവ് മഹാശിവക്ഷേത്രത്തിലാണ് സുധ ശെൽവ ജെയിൻ സോപാന സംഗീതത്തിലൂടെ ഭഗവാനെ പ്രീതിപ്പെടുത്താനായി സോപാന സംഗീതം ആലപിക്കുന്നത്. ഇടയ്ക്കയിൽ സോപാനസംഗീതം വായിക്കുന്ന സ്ത്രീകൾ വയനാട്ടിൽ അപൂർവമാണ്. കേരളത്തിന്റെ തനതായ ക്ഷേത്രകലാരൂപങ്ങളിലൊന്നായ സോപാനസംഗീതത്തിലൂടെ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ആത്മീയാനുഭവം പകരുകയാണ് സുധ.

കേരളത്തിൽ സോപാനസംഗീതം അവതരിപ്പിക്കുന്ന വനിതകൾ വിരളമാണ് .പാലക്കാട്ടുകാരി നീന വാര്യരും, ഇരിങ്ങാലക്കുട സ്വദേശിനി ആശ സുരേഷുമാണ് ഈ രംഗത്തെ പ്രമുഖ കലാകാരികൾ. വയനാട്ടിൽ സുധയെക്കൂടാതെ മറ്റൊരു വനിത സോപാനസംഗീതം ക്ഷേത്രത്തിൽ ആലപിക്കുന്നതായി അറിവില്ല. കഴിഞ്ഞ രണ്ടു വർഷമായി സുധ ഒരു നിയോഗം പോലെ സോപാനത്ത് ഇടയ്ക്ക കൊട്ടിപാടുന്നു. ഇത് ദേവനുള്ള ഒരു സമർപ്പണമാണെന്ന് സുധ പറയുന്നു.

ആലപ്പുഴ ചേർത്തല സ്വദേശിനിയായ സുധ, മാനികാവ് സ്വദേശി സെൽവ ജെയിനുമായുള്ള വിവാഹത്തോടെയാണ് വയനാട്ടിലെത്തിയത്. കൊളവയൽ സനൽ മാരാരുടെ കീഴിൽ സോപാന സംഗീതം അഭ്യസിച്ചു. ഇത് ദൈവത്തിന്റെ മുന്നിൽ സമർപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മാനികാവ് ശിവക്ഷേത്രത്തിൽ സോപാന സംഗീതമാലപിക്കാൻ തുടങ്ങിയത്. സോപാന സംഗീതത്തിന് സ്ത്രീശബ്ദത്തിന്റെ മാധുര്യം പകർന്ന് ഈ കലാകാരി നാൽപ്പതോളം ആൽബങ്ങൾക്ക് വരികളെഴുതുകയും ചെയ്തു. ഏറ്റവുമൊടുവിൽ സിനിമയ്ക്കായി പാട്ടെഴുതിയപ്പോൾ ആലപിച്ചത് അൻവർ സാദത്താണ്. ബത്തേരിയിൽ ഇതൾ എന്ന ബ്യൂട്ടി പാർലർ നടത്തിവരുകയാണ് സുധയിപ്പോൾ. മക്കൾ: ശ്രീലക്ഷ്മി, ശിവനന്ദ്.

ക്ഷേത്രങ്ങളോടും ക്ഷേത്രകലകളോടുമുള്ള ആരാധനയിൽനിന്ന് ഉയി‌ർകൊണ്ടതാണ് സോപാനത്ത് കൊട്ടിപ്പാടാനുള്ള ആഗ്രഹം. അതുകൊണ്ടാണ് സോപാനസംഗീതം പഠിക്കാൻ തീരുമാനിച്ചത്.

-സുധ ശെൽവ ജെയിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL