കോഴിക്കോട്: മഴ മാറി മാനം തെളിഞ്ഞതോടെ കളിക്കളങ്ങളിൽ ആവേശം വാനോളം. ട്രാക്കിലെ വേഗപ്പോരാട്ടങ്ങളും ഫീൽഡ് ഇനങ്ങളിലെ മികവും ഗെയിംസ് മത്സരങ്ങളിലെ വാശിയും... 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനം ആവേശക്കാഴ്ചയായി. മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിലെ എൻ.ഐ.ടി സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങളും ജില്ലയിലെ വിവിധ വേദികളിൽ ഗെയിംസ് മത്സരങ്ങളും കല്ലുകടിയില്ലാതെ മുന്നേറി. മഴ മാറിനിന്ന തെളിഞ്ഞ കാലാവസ്ഥ കായിക താരങ്ങൾക്കും കാണികൾക്കും ഒരുപോലെ ആശ്വാസവും ആവേശവുമായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ നടന്നു.
400 മീറ്റർ വേഗപ്പോരാട്ടത്തിലും 3000 മീറ്റർ ഓട്ടത്തിലും താരങ്ങൾ മാറ്റുരച്ചു. ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ലോങ് ജമ്പ്, ഹൈജമ്പ് ഇനങ്ങളിലും താരങ്ങൾ മിന്നും പ്രകടനം കാട്ടി. വിവിധ പ്രായ വിഭാഗങ്ങളിലെ മത്സരങ്ങൾ ഒരേസമയം പുരോഗമിച്ചത് എൻ.ഐ.ടി സ്റ്റേഡിയത്തെ കായികമേളയുടെ പ്രധാന ആകർഷണമാക്കി.
കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ സ്റ്റേഡിയത്തിൽ സീനിയർ ആൺകുട്ടികളുടെ സോഫ്റ്റ്ബോൾ, സീനിയർ പെൺകുട്ടികളുടെ ബേസ്ബോൾ, ജൂനിയർ വിഭാഗങ്ങളിലെ ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ നടന്നു. പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളിൽ സീനിയർ ആൺകുട്ടികളുടെ നെറ്റ്ബോൾ മത്സരങ്ങൾ നടന്നു. ചാത്തമംഗലം ആർ.ഇ.സി.ജി.വി.എച്ച്.എസ്. സ്കൂളിൽ ജൂനിയർ വിഭാഗങ്ങളുടെ യോഗ മത്സരങ്ങളും പാറോപ്പടി മേരിക്കുന്ന് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ ജൂനിയർ ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങളും ചേവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ മത്സരങ്ങളും നടന്നു. ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാഡ്മിന്റൺ മത്സരങ്ങൾ കായികമേളയ്ക്ക് ആവേശം കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |