കോഴിക്കോട്: നഗരത്തോട് ചേർന്ന് കുറഞ്ഞ വിലയിൽ ഭൂമി ലഭിക്കുമെന്നറിഞ്ഞാൽ മറ്റൊന്നും ആലോചിക്കാതെ പണം മുടക്കാൻ തയ്യാറാകുന്നവരോടാണ്, ശ്രദ്ധിക്കണം. തണ്ണീർത്തടങ്ങളും നെൽവയലുകളും കുറഞ്ഞ ചെലവിൽ രൂപമാറ്റം വരുത്താമെന്ന് വിശ്വസിപ്പിച്ച്, സ്ഥലം വിൽക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഒരു വിഭാഗം ആളുകള്‍ പുതുതായി ആരംഭിച്ച സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് ഭൂമി വില്‍പ്പനയ്ക്കായുള്ള പ്രചരണം. താങ്ങാവുന്ന വിലയിൽ ഭൂമി കണ്ടെത്തി ഒരു വീട് വെക്കാം എന്ന് പറഞ്ഞാണ് ഇവർ ആളുകളുടെ അടുത്തേക്കെത്തുന്നത്. അത്തരത്തിൽ വാങ്ങുന്ന ഭൂമി പലപ്പോഴും നിയമപരമായ കുരുക്കുള്ള, ഉപയോഗിക്കാൻ കഴിയാത്തവയാവും. ഇത്തരത്തിൽ ഭൂമി വില്‍ക്കുന്നതിനായി നിരവധി പുതിയ സാമൂഹിക മാദ്ധ്യമ പ്രൊഫൈലുകളും പേജുകളും ആരംഭിച്ചിട്ടുണ്ട്.
അധികവും മോഹവാഗ്ദാനങ്ങൾ
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നിയമാനുസൃതമായ സേവനങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് ചില ഏജന്റുമാർ ഭൂവുടമകളെ സമീപിക്കുന്നതായും ആരോപണമുണ്ട്. നിയമപരമായ അനുമതികൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇത്തരം വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നവരാണ് കൂടുതൽ. ഭൂമി വാങ്ങിയശേഷമാണ് അതിന്റെ നിയമക്കുരുക്ക് തിരിച്ചറിയുക.
തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഭൂമിയുടെ പോക്കുവരവ് നടപടികളിൽ റവന്യൂ വകുപ്പ് തടസങ്ങൾ ഉന്നയിക്കുന്നതോടെ ഇടപാടുകൾ പൂർത്തിയാക്കാനാകാതെ വരുന്നു. വലിയ നഷ്ടം ഒഴിവാക്കാൻ കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റൊഴിയാൻ ശ്രമിക്കുന്നവരുമുണ്ട്.
നിയമങ്ങളും ചട്ടങ്ങളും പാലിക്കണം
അനധികൃത ഭൂമിരൂപമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ കാരണം ജില്ലയിലെ നിരവധി പാർപ്പിട, വ്യവസായ പദ്ധതികളുടെ നിർമാണം മുടങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പറയുന്നു. നഗരമേഖലയിൽ ഭൂമിയുടെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ സ്ഥലം കണ്ടെത്തുക എളുപ്പമല്ല. ഈ സാഹചര്യം മുതലെടുത്താണ് ഇത്തരത്തിൽ അനധികൃത ഭൂമി വിൽപ്പന ഏറുന്നത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ആവശ്യമായ അനുമതികൾ നേടിയ ശേഷമേ ഭൂമിയുടെ രൂപമാറ്റം നടത്താനാകൂവെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒപ്പം ഭൂമിയുടെ രേഖകളും നിയമപരമായ സ്ഥിതിയും ആവശ്യമായ അനുമതികളും ഉറപ്പാക്കിയശേഷം മാത്രം ഇടപാടിലേക്ക് കടക്കണമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
"കേരള നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം, 2008ലെ വ്യവസ്ഥകളെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം അനധികൃത ഇടപാടുകളില്‍ വഞ്ചിക്കപ്പെടുന്നത്"
കെ.അജയ് ലാൽ, പരിസ്ഥിതി പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |