കോഴിക്കോട്: 'എഴുതാൻ തുടങ്ങിയാൽ കുറേ എഴുതും. നിറുത്തിയാൽ കുറേക്കാലും അങ്ങനെ തുടരും. നിഷ്ഠകളെയും ചട്ടങ്ങളെയും തച്ചുടയ്ക്കുന്നതാണ് മേതിലിന്റെ ശെെലി.'-എഴുത്തുകാരി ഇന്ദു മേനോൻ പറഞ്ഞു. ഒരു വർഷത്തിലധികമായി രാമനാട്ടുകരയിൽ ഇന്ദുമേനോന്റെ കുടുംബത്തിനൊപ്പമാണ് മേതിൽ താമസിക്കുന്നത്. വെെകാരികമായി കോഴിക്കോടുമായി കൂടുതൽ അടുപ്പമുണ്ടെന്ന് ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് മേതിൽ പറഞ്ഞു. അർബുദബാധിതയായി മകൾ ജൂൺ മരിച്ചതിനെ തുടർന്ന് മേതിലിനെ ഇന്ദുമേനോൻ തന്റെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു. ഭാര്യ പ്രഭാവതി നേരത്തേ മരിച്ചിരുന്നു. മകൻ ജൂലിയൻ ബിസിനസ് തിരക്കിലുമാണ്. അദ്ദേഹത്തിന് വീട് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഇന്ദുവിനുണ്ടായിരുന്നു. വന്നുകണ്ടപ്പോൾ ഇഷ്ടമായി. അങ്ങനെയാണ് പാലക്കാട്ടുകാരനായ മേതിൽ കോഴിക്കോട്ടെത്തിയത്. ഒരു വർഷമായി മേതിലിന്റെ ശീലങ്ങളും ഇന്ദുവിന് അറിയാം. 'പുരസ്കാര വിവരമറിയുമ്പോൾ മേതിൽ പപ്പ ഉറങ്ങുകയായിരുന്നു. രണ്ടാംവട്ടവും വിളിച്ചാണ് മന്ത്രി വിവരം പറഞ്ഞത്' ഇന്ദുമേനോൻ പറഞ്ഞു. കാലത്തെ മറികടക്കുന്ന പരീക്ഷണങ്ങളാണ് മേതിലിന്റെ മിക്ക കൃതികളിലുമുള്ളത്. സൂര്യവംശമെന്ന അദ്ദേഹത്തിന്റെ നോവൽ വർഷങ്ങൾക്ക് മുൻപ് വന്നതാണെങ്കിലും ഭാഷാഘടനയും പ്രമേയ തീവ്രതയും ഇന്നും ശക്തമാണ്. പ്രമേയങ്ങളിലെ വ്യതിരിക്തതയാണ് മറ്റൊരു സവിശേഷത. ഹിച്ച്കോക്കിന്റെ ഇടപെടൽ, ചുവന്ന വിദൂഷകന്റെ അഞ്ചാം പത്തി, ശെെലജയും ലാറസ് പക്ഷികളും, കോകിലയുടെ കഥ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഭാഷയെ ആയുധമാക്കി
ഭാഷയെ എങ്ങനെ വ്യത്യസ്തമായി ഉപയോഗിക്കാമെന്ന് മേതിൽ കാണിച്ചു. ഭാഷയെ ആയുധമാക്കി. ഭാഷയുടെ സൗന്ദര്യം, വെെിദ്ധ്യം, മനോഹാരിത എന്നിവയിലൊക്കെ എങ്ങനെ തനതായൊരു സ്പർശം കൊണ്ടുവരാമെന്ന് പഠിക്കാനുള്ള വളരെ നല്ല ഉദാഹരണമാണ് മേതിൽ കൃതികൾ. അച്ചടിമാദ്ധ്യമത്തിൽ ആയിരത്തികലധികം ഭാഗങ്ങളുള്ള കോളം അദ്ദേഹം എഴുതിയതും ഒരു ചരിത്രമാണ്. ഗ്ളൂക്കോമ ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ കാഴ്ചയ്ക്ക് പ്രശ്നമുണ്ട്.
എനിക്ക് ഏറ്റവും പ്രിയങ്കരരായ എഴുത്തുകാരിൽ ഒരാളാണ് മേതിൽ. ഏറ്റവും ഇഷ്ടം മേതിലെന്ന കവിയെയാണ്. സർവാംഗം കവിയാണ് മേതിലെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.
ഇന്ദു മേനോൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |