അമ്പലവയൽ: കുത്തനെയുള്ള കയറ്റവും ചരിവും മഞ്ഞും താണ്ടി സാഹസികമായി ചീങ്ങേരിമല കയറി, കിതച്ചെത്തുന്ന സഞ്ചാരികൾക്കായി മല കാത്തുവെയ്ക്കുന്നത് മനം മയക്കുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യം. നിന്നിടത്ത് നിന്ന് തിരിഞ്ഞാൽ ചുറ്റും വയനാട് കാണാം. മലകൾക്ക് മേലെ മഞ്ഞ് വീണ് കിടക്കുന്നത് കാണാം. പൊന്നിൽ കുളിച്ച് നിൽക്കുന്ന മലകളെ കണ്ടുള്ള സൂര്യോദയവും അസ്തമയവും കാണാനായി നിരവധി സഞ്ചാരികളാണ് ചീങ്ങേരിമലയിലെത്തുന്നത്. വയനാട് ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ചീങ്ങേരി മലയുടെ ഏറ്റവും വലിയ പ്രത്യേകത കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിർത്തിടൗണുകൾ പോലും ഇവിടെ നിന്ന് കാണാനാവുമെന്നതാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, കർണാടകയിലെ കുട്ട, വയനാട്ടിലെ ബ്രഹ്മഗിരി മലനിരകൾ എന്നിവ കാണാം.
ഇങ്ങനെ മലകയറാം
മൂന്ന് തട്ടുകളിലായാണ് പാറക്കെട്ട് നിലകൊള്ളുന്നത്. ഓരോ തട്ടുകളിലും കയറി മുകളിലെത്തുമ്പോൾ കാണുന്ന സമതലപ്രദേശത്ത് വിശ്രമിക്കാനായി മരത്തിൻ്റെ ചെറിയ തടികൊണ്ടുള്ള ബെഞ്ച് പോലെ കെട്ടിയുണ്ടാക്കിയ ഇരിപ്പിടമുണ്ട്. ആവശ്യക്കാർക്ക് ഇവിടെ വിശ്രമിക്കാം. രണ്ടാമത്തെ കയറ്റം കുത്തനെയുള്ളതാണ്. ഇവിടെ സഞ്ചാരികൾക്ക് പാറയുടെ മുകളിലൂടെ പിടിച്ച് മുകളിലേയ്ക്ക് കയറാനും ഇറങ്ങാനും വടം കെട്ടിയിട്ടുണ്ട്. ഇവിടെ നിന്നാണ് മൂന്നാമത്തെ കയറ്റം .ഇതും അൽപ്പം കഠിനമാണെങ്കിലും സാഹസികത ഇഷ്ടമുള്ളവർക്ക് മികച്ച അനുഭവമാണ് പകരുന്നത്.
പുലർച്ചെ മുതൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രം
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചര മുതൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രമാണ് ചീങ്ങേരി മല. വൈകീട്ട് ആറ് വരെയാണ് പ്രവർത്തന സമയം. ഇത് എട്ടു മണിവരെയാക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും സുരക്ഷ പ്രശ്നത്തെ ചൊല്ലി നടന്നില്ല. സൂര്യോദയം കാണാനെത്തുന്നവക്ക് പുലർച്ചെ മല കയറിയാലേ സൂര്യോദയം കാണാനാവൂ. സൂര്യപ്രകാശം മലനിരകളിലേയ്ക്ക് പതിച്ചുതുടങ്ങുമ്പോൾ മാറിമറിയുന്ന പ്രകൃതി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനും നിരവധി പേരാണ് മലയിലേക്കുള്ള ട്രെക്കിങ്ങിൽ പങ്കാളികളാകുന്നത്.
മലമുകളിൽ താമസിക്കാം
ചീങ്ങേരിമലയിൽ ട്രെക്കിംഗിനെത്തുന്നവർക്ക് രാത്രി അവിടെ തങ്ങാനാവും. ഡോർമിറ്ററി, ടെൻ്റ് എന്നിവയാണ് ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്. ഡോർമിറ്ററിയിൽ ഒരാൾക്ക് 250 രൂപയും ടെൻ്റിൽ 750 രൂപയുമാണ്. ഇവിടെ അഞ്ച് പേർക്ക് താമസ സൗകര്യമുണ്ട്. മലയിലേക്കുള്ള പ്രവേശനത്തിന് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |