കോഴിക്കോട്: നൂലിനും ചായത്തിനും വില കൂടുന്നു, വിറ്റഴിച്ച വസ്ത്രങ്ങളുടെ റിബേറ്റ് തുക ലഭിക്കുന്നുമില്ല. ഖാദി മേഖലയിലെ പ്രതിസന്ധികൾക്ക് നടുവിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് സഹകരണ സംഘങ്ങൾ. ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകി വിൽപ്പന നടത്തുമ്പോൾ സർക്കാർ തിരിച്ചുനൽകേണ്ട തുക വർഷങ്ങളായി കുടിശ്ശികയായതോടെ സ്ഥാപനങ്ങളുടെ പ്രവർത്തനവും തൊഴിലാളികളുടെ ജീവിതവും ഒരുപോലെ പ്രതിസന്ധിയിലായി. കോഴിക്കോട് സർവോദയ സംഘത്തിന് മാത്രം 2023 മുതലുള്ള ആറ് കോടി രൂപയാണ് റിബേറ്റ് ഇനത്തിൽ ലഭിക്കാനുള്ളത്. പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും കുടിശ്ശികയുടെ കാര്യത്തിൽ നടപടിയില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഖാദി മേളകളിൽ ഉപഭോക്താക്കൾക്ക് നൽകുന്ന വിലക്കിഴിവ് പിന്നീട് സർക്കാർ ഖാദി സംഘങ്ങൾക്ക് അനുവദിക്കുന്നതാണ് പതിവ്. എന്നാൽ, ഈ തുക കൃത്യസമയത്ത് ലഭിക്കാത്തത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലായതോടെ പല സഹകരണ സംഘങ്ങളും പ്രവർത്തനം ഭാഗികമായി ചുരുക്കി. പ്രതിസന്ധി മറികടക്കാൻ പലരും ഉത്പാദനം കുറച്ചിരിക്കുകയാണ്.
കുത്തനെ ഉയർന്ന് ചെലവ്
നേരത്തെ കേരളത്തിനു പുറത്തുനിന്ന് വാങ്ങുന്ന ഖാദി ഉത്പന്നങ്ങൾക്കും റിബേറ്റ് നൽകിയിരുന്നു. ഈ ആനുകൂല്യം നിർത്തലാക്കിയതോടെ നിലവിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ് റിബേറ്റ് ലഭിക്കുന്നത്. ഇതിനുപുറമേ നൂലിന്റെയും ചായത്തിന്റെയും വിലവർദ്ധനയും സഹകരണ സംഘങ്ങളുടെ ചെലവ് കൂട്ടുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികൾ പരിമിതപ്പെടുമ്പോൾ ഉത്പാദനച്ചെലവ് ഉയരുന്നത് സ്ഥാപനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്. കുടിശ്ശിക കുന്നുകൂടുമ്പോൾ ഉത്സവകാലത്തെ വരുമാനം കൊണ്ടുമാത്രം പിടിച്ചു നിൽക്കുക എളുപ്പമല്ല. ഖാദി മേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളുടെ ജീവിതത്തെയും ഇത് ബാധിക്കുന്നു. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് ഉത്പാദനത്തെ ബാധിക്കുമ്പോൾ, കുറഞ്ഞ വേതനം കാരണം പല തൊഴിലാളിക ളും മറ്റു ജോലികളിലേക്ക് മാറുകയാണ്. റിബേറ്റ് കുടിശ്ശിക തീർത്ത് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ അവസരമൊരുക്കണമെന്നതാണ് ഖാദി സഹകരണ സംഘങ്ങളുടെ പ്രധാന ആവശ്യം. ഉത്പാദനവും വിൽപ്പനയും തൊഴിലവസരങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട മേഖലയ്ക്ക് സർക്കാർ സഹായം വൈകുന്നത് വലിയ തിരിച്ചടിയാണ്.
"റിബേറ്റ് കുടിശ്ശിക ലഭിക്കാത്തതിനാൽ വലിയ പ്രതിസന്ധിയിലൂടെയാണ് ഖാദി മേഖല കടന്നുപോകുന്നത്"
എം.കെ ശ്യാംപ്രസാദ്, സർവോദയ സംഘം സെക്രട്ടറി,കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |