SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.56 PM IST

11 വർഷം മുമ്പ് മുങ്ങിയ പ്രതി പൊങ്ങിയത് കർണ്ണാടകയിൽ ടാക്സി ഡ്രൈവറായി

mpm

മഞ്ചേരി: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫ് 2015 ഏപ്രിൽ 22ന് മുങ്ങിയ ശേഷം നാളിതുവരെ കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിൽ കുടുംബ സമേതം കഴിഞ്ഞത് യൂബർ ടാക്സി ഡ്രൈവറായി. കഴിഞ്ഞ അഞ്ചുവർഷമായി കഴിഞ്ഞത് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിൽ പരിസരത്തെ പല വീടുകളിലായാണ് താമസിച്ചത്. മുങ്ങിയതിന്റെ തൊട്ടടുത്ത വർഷം തന്നെ കൊൽക്കൊത്ത സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ജനിച്ചു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി നാട്ടുകാരെയും പൊലീസിനെയും ആശങ്കാകുലരാക്കിയിരുന്നു. സംഭവം നടന്ന് ഏഴുമാസം മാത്രമാണ് പ്രതി റിമാന്റിൽ കഴിഞ്ഞത്. മണൽ തൊഴിലാളിയായിരുന്നു പ്രതി ഷരീഫ്.

തബ്ലീഗ് പ്രവർത്തകനായ ഇയാൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച് റമസാൻ മാസത്തിൽ നടത്തിയ ആസൂത്രിത കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് 79ാം ദിവസം അന്വേഷണ ഉദ്യോസ്ഥനായ സി.ഐ വി.എ.കൃഷ്ണദാസ് എണ്ണൂറോളം പേജുള്ള കുറ്റപത്രം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം വായിച്ച് കേൾക്കാൻ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായ പ്രതി വിചാരണ ആരംഭിച്ച ദിവസം മുങ്ങുകയായിരുന്നു. പ്രതിക്ക് ജാമ്യം നിന്ന മാതാവ് പിന്നീട് മരണപ്പെട്ടതോടെ പൊലീസ് വീണ്ടും പ്രതിസന്ധിയിലായി. ജില്ലാ പൊലീസ് മേധാവിയായിരുന്ന ദേബേഷ് കുമാർ ബെഹ്റ ചാർജ്ജെടുത്തതോടെ പ്രതിയെ കണ്ടെത്തുന്നതിന് ഊർജ്ജിത അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പലരീതിയിൽ മുന്നോട്ടു പോയെങ്കിലും പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല. പിന്നീട് കൊണ്ടോട്ടി എ.എസ്.പി കാർത്തിക്ക് ബാലകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിക്കുകയായിരുന്നു. പി.സഞ്ജീവ്, ഒ.രതീഷ്, പി.സി.മുഹമ്മദ് മുസ്തഫ, സി.സുബ്രഹ്മണ്യൻ, ടി.സബീഷ് എന്നിവരടങ്ങുന്ന സംഘം ശാസ്ത്രീയ, സാങ്കേതിക മികവിൽ നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL