SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

കത്തുന്ന വേനൽ; ഫുഡ് ഡെലിവറി ജീവനക്കാർക്ക് ജോലി കഠിനം

മലപ്പുറം: കടുത്ത ചൂടിലും കൃത്യസമയത്ത് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാൻ നെട്ടോട്ടമോടുകയാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. ജില്ലയിൽ 36 ഡിഗ്രി വരെ ചൂട് ഉയർന്നതോടെ പുറത്ത് പോയി കഴിക്കുന്നതിന് പകരം ഭൂരിഭാഗം പേരും ഓർഡർ ചെയ്യാനാണ് താല്പര്യപ്പെടുന്നത്. പൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളമുള്ള ഇരുചക്ര വാഹനയാത്ര ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി ഡെലിവറി ജീവനക്കാർ പറയുന്നു. ഇതിനിടെ സൂര്യാഘാതത്തെ ചെറുക്കാൻ ശരീരം മുഴുവൻ മൂടുന്ന വിധം വസ്ത്രം ധരിച്ചും കൂടുതൽ വെള്ളം കുടിച്ചുമൊക്കെയാണ് ഇവരുടെ യാത്ര.
സൂര്യാഘാത സാദ്ധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 11 മുതൽ മൂന്ന് വരെ പുറംജോലികൾക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും ഇവരെ ബാധിക്കുന്നില്ല. നിർജ്ജലീകരണം ഉൾപ്പെടെ നേരിടുന്ന സ്ഥിതിയിലാണിവർ. കുറഞ്ഞ വേതനവും ഇന്ധന വിലയും ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കേണ്ടി വരുന്നതും ദുരിതം വർദ്ധിപ്പിക്കുകയാണ്.

പാചക വാതക ക്ഷാമവും ഇരുട്ടടി

പാചകവാതക ക്ഷാമം തുടങ്ങിയതോടെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ലഭിക്കാൻ അരമണിക്കൂർ വരെ വൈകുന്ന സാഹചര്യവുമുണ്ട്. ഓർഡർ ചെയ്ത ഭക്ഷണം സമയത്ത് ലഭിക്കാത്തതിന് വിതരണത്തൊഴിലാളികളാണ് സമാധാനം പറയേണ്ടി വരിക. ഭക്ഷണം വൈകിയാൽ ശകാരവും റേറ്റിങ്ങിലെ കുറവും നേരിടേണ്ടി വരും. മിക്ക സ്ഥലങ്ങളിലും ഡെലിവറി ജീവനക്കാർക്ക് അൽപ്പനേരം വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. സാദ്ധ്യമെങ്കിൽ ഒരു ഗ്ലാസ് കുടിവെള്ളം നൽകി അവരെ സഹായിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നുമുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സജീവമാണ്.

കടുത്ത ചൂടിൽ ഭക്ഷണം എത്തിക്കുക ഏറെ പ്രയാസകരമാണ്. ചൂട് കൂടുന്നതിനാൽ ദാഹം, തലചുറ്റൽ, അമിത ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ പതിവാണ്. ഗതാഗതക്കുരുക്കും ചൂട് സമയത്ത് ജോലി പ്രയാസകരമാക്കുകയാണ്. സൂര്യാഘാതം ഏൽക്കാതിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്താണ് ജോലി ചെയ്യുന്നത്.

ടി.സുരേഷ്, ഓൺലൈൻ ഡെലിവറി ജീവനക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL