SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

സ്കൂൾ തുറക്കാൻ രണ്ടാഴ്ച; : ഫിറ്റ്നസ് ഉറപ്പാക്കാനുള്ള തിരക്കിൽ അധികൃതർ

മലപ്പുറം: സ്‌കൂൾ തുറക്കാൻ 10 ദിവസം മാത്രം ശേഷിക്കേ ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർക്കൽ, സ്‌കൂൾ ബസ് ഡ്രൈവർമാരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാർച്ച് 24ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്‌കൂൾ സുരക്ഷാ മാനുവൽ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, ഫോറസ്റ്റ്, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നീ ആറ് വകുപ്പുകളുടെ എൻ.ഒ.സി ലഭിക്കണം.
സ്‌കൂൾ കെട്ടിടത്തിന് പ്രവർത്തനാനുമതി ലഭിക്കണമെങ്കിൽ അടിത്തറ മുതൽ മേൽക്കൂര വരെ ഫിറ്റാണെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടണം. കെട്ടിടത്തിന്റെ ബലം, അടിത്തറ, മേൽക്കൂര, കതക്, ജനൽ, തടിപ്പണികൾ, ഫയർ ആൻഡ് സേഫ്റ്റി എല്ലാം പരിശോധിക്കും. ഇതുകൂടാതെ, സ്‌കൂൾ തുറക്കുന്നതിന് മുന്നേ എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. അലക്ഷ്യമായി മദ്യപിച്ചും മറ്റും വാഹനമോടിക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാവുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിലൂടെ ക്രമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും സാധിക്കും.

ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 20 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ, ആറ് മുതൽ എട്ട് വരെ 35 പേർക്ക് ഒരു അദ്ധ്യാപകൻ, ഒൻപത് മുതൽ 10 വരെ 45 പേർക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് കണക്ക്. സ്‌കൂൾ തുറന്ന് ആറ് പ്രവൃത്തി ദിനങ്ങൾക്ക് ശേഷമാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമെങ്കിൽ നിയമിക്കും.


ഇവ ഉറപ്പാക്കാം

> ശുദ്ധജലം ഉറപ്പ് വരുത്തുക.

> സ്‌കൂളുകളിൽ നിറുത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുക.

> സ്‌കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് മാറ്റുക

> സ്‌കൂളിലേയ്ക്കുളള വഴികളിലും പരിസരത്തും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കമ്പികൾ ഒഴിവാക്കുക.

> ഇലക്ട്രിക്കൽ വയറിങ്ങും സ്വിച്ച് ബോർഡുകളും പ്രവർത്തനക്ഷമമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ സഹായത്തോടെ ഉറപ്പാക്കണം.

> ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കുട്ടികൾ പ്രവേശിക്കാത്തവിധം അടച്ചിടണം.

> സ്‌കൂൾ പരിസരത്ത് കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യം ഇല്ലെന്ന് ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL