മഞ്ചേരി: പൂക്കൊളത്തൂർ അങ്ങാടിയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി യുവാവ്. മഞ്ചേരി ചെറുകുളം സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അൽഫയാദാണ് (21) തിങ്കളാഴ്ച വൈകിട്ടോടെ സ്റ്റേഷനിൽ ഹാജരായത്.
തന്നെ ആളുമാറി തട്ടികൊണ്ടു പോയതാണെന്നും സംഭവത്തിൽ തനിക്ക് പരാതി ഇല്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി.
ശനിയാഴ്ച രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. ചെങ്ങരയിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് അൽഫയാദ് കാറിൽ വരുന്നതിനിടെ മറ്റൊരു ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ സംഘം ഡ്രൈവർ ഒഴികെയുള്ള മൂന്ന് ആളുകൾ വാഹനത്തിൽ നിന്നും ഇറങ്ങി അൽഫയാദിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കക്കാടം പൊയിൽ ഭാഗത്തേക്കാണ് യുവാവിനെ കൊണ്ടുപോയത്. ഇവിടെ നിന്നും മർദ്ദനമേറ്റിട്ടുണ്ട്. ശരീരത്തിൽ പാടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊണ്ടുപോയവരിൽ രണ്ട് പേരെ തനിക്കറിയാമെന്നാണ് ഇയാൾ പറയുന്നത്.
യുവാവിന്റെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മനോജ് കെ. ഗോപി പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം യുവാവിനെ കുടുംബത്തോടൊപ്പം വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |