SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

ഉറക്കം കെടുത്തി വന്യ ജീവികൾ ഗതികെട്ട് മലയോരം

കാളികാവ്: കാലങ്ങളായിട്ടും വന്യജീവി ആക്രമണ ഭീതിയിൽ നിന്നും രക്ഷനേടാനാവാതെ മലയോരമേഖല. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടമാവുന്നതിന് പുറമേ, വലിയ തോതിലുള്ള കൃഷിനാശവും പതിവായിട്ടുണ്ട്. ആനകൾക്കും പന്നികൾക്കും പുറമേ കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയവ കൂടി ജനവാസ കേന്ദ്രങ്ങൾക്കരികിൽ താവളമുറപ്പിച്ചത് കടുത്ത ഭീഷണിയാവുന്നു. പുലിപ്പേടിയിൽ പകൽ പോലും ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യം പലയിടങ്ങളിലും ഉടലെടുക്കാറുണ്ട്.
സംസ്ഥാന അതിർത്തി പങ്കിടുന്ന വഴിക്കടവ് മുതൽ ജില്ലാ അതിർത്തിയായ കരുവാരക്കുണ്ട് വരെ ആന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേർന്നുള്ള താമസക്കാർക്ക് ഇരുട്ട് വീണാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ചക്ക പഴുക്കുന്ന സമയമായാൽ ഭക്ഷണം തേടി ആനകൾ കാടിറങ്ങും. വേനൽകാലത്ത് കാട്ടിനുള്ളിൽ ഭക്ഷണം കുറയുന്നതിനാൽ ആനകൾ കൂട്ടമായി നാട്ടിലെത്താറുണ്ട്.

കടുവയുടേയും പുലിയുടേയും കാട്ടുപോത്തിന്റെയും സാന്നിദ്ധ്യമാണ് മലയോരത്തെ ഏറെ പേടിപ്പിക്കുന്നത്.
കാളികാവ്, കരുവാരക്കുണ്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട കാർഷികകേന്ദ്രത്തിലാണ് കടുവയും പുലിയുമുള്ളത്.

കാളികാവിലെ അടയ്ക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ കടുവ പിടിച്ച് ഭക്ഷിച്ച പേടി മാറും മുൻപ് കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ വളർത്തുകാളയെ പിടിച്ചു. മേഖലയിൽ പലയിടങ്ങളിലായി ഒട്ടേറെ വളർത്തു മൃഗങ്ങളെയും പുലി ആക്രമിച്ചിട്ടുണ്ട്. കടുവയ്ക്ക് വച്ച കെണിയിൽ പുലി കുടുങ്ങിയെങ്കിലും വേറെയും പുലികൾ മലവാരത്തുണ്ടെന്നാണ് നിഗമനം.

പൂക്കോട്ടുംപാടം ഭാഗത്ത് കരടിയും ജനവാസ മേഖലയിലെത്തുന്നുണ്ട്. തേൻ തേടിയാണ് വരവ്. വർഷങ്ങളായി കാട്ടുപന്നികളുടെ ശല്യം മലയോരത്താകെയുണ്ട്. ആളുകൾക്ക് നേരെയുള്ള അക്രമണം പതിവ് സംഭവമാണ്. കാട്ടുപോത്തുകളും കുരങ്ങുകളും മയിലുകളും വ്യാപകമായ തോതിൽ കൃഷി നശിപ്പിക്കുന്നുണ്ട്.

അനുകൂല സാഹചര്യങ്ങളേറെ

പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങളാണ് വന്യ ജീവികളെ നാട്ടിൻ പുറങ്ങളിലേക്ക് ആകർഷിക്കുന്നത്.

ചെറുജീവികളെ പെട്ടെന്ന് വേട്ടയാടി പിടിക്കാനാവുന്നതും മലയിൽ ചോലകൾ വറ്റുമ്പോൾ വെള്ളത്തിന്റെ ലഭ്യത കൂടുതലുള്ളതും കാടുവിട്ടിറങ്ങുന്ന ജീവികൾക്ക് അനുകൂലസാഹചര്യമൊരുക്കുന്നു.

പെറ്റുപെരുകുന്നതിന് ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങളുള്ളതിനാൽ വനമേഖലയിലുള്ളതിലേറെ പന്നികൾ നാട്ടിലുണ്ട്.

നാട്ടിലെ കൃഷിയിടങ്ങളിൽ സുലഭമായി ഭക്ഷണം ലഭിക്കുന്നതടക്കമുള്ള അനുകൂലസാഹചര്യം ജനവാസകേന്ദ്രങ്ങളിൽ പന്നികൾ പെരുകാനിടയാക്കിയിട്ടുണ്ട്.

കാട്ടിൽ തന്നെ സുരക്ഷിതമായ ആവാസ വ്യവസ്ഥ ഉറപ്പാക്കിയാലെ വന്യജീവികൾ കാട് വിട്ടിറങ്ങുന്നത് നിയന്ത്രിക്കാനാവൂ. കാട്ടിൽ പുൽമേടുകൾ വീണ്ടെടുക്കാനും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനുമുള്ള നടപടികളും
ആരംഭിക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL