മലപ്പുറം: പ്ലസ്‌വൺ ക്ലാസുകൾ ഇന്നലെ ആരംഭിച്ചിട്ടും ജില്ലയിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല. മൂന്നാം അലോട്ട്‌മെന്റ് പ്രക്രിയ പൂർത്തിയായിട്ടും ജില്ലയിൽ 13,538 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് സീറ്റ് ലഭിക്കാതെ പുറത്തുനിൽക്കുന്നത്. ഇതു പരിഹരിക്കാൻ സംസ്ഥാനത്ത് 120 അധിക താത്ക്കാലിക ബാച്ചുകൾ അനുവദിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുവഴി പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ആകെ 7,200 സീറ്റുകൾ അധികമായി ലഭിക്കും. അതേസമയം, അപേക്ഷകരുടെ ബാഹുല്യം കാരണം താത്ക്കാലിക വർദ്ധനവ് പര്യാപ്തമല്ലെന്നാണ് രക്ഷിതാക്കൾചൂണ്ടിക്കാട്ടുന്നത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് പോലും തങ്ങൾക്ക് താല്പര്യമുള്ള ഗ്രൂപ്പുകളോ അടുത്തുള്ള സ്‌കൂളുകളോ ലഭിച്ചിട്ടില്ല. ഇത്തവണ ജില്ലയിൽ നിന്ന് 82,678 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഗവൺമെന്റ്, എയ്ഡഡ് മേഖലകളിലായി ആകെ 69,205 മെറിറ്റ് സീറ്റുകൾ മാത്രമാണുളളത്. ഇതുവരെ 64,393 പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇനി 4,812 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇതും പുതുതായി അനുവദിച്ച അധിക സീറ്റുകളും ഉൾപ്പെടുത്തിയാവും സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
പ്രതിസന്ധി രൂക്ഷമാവില്ല
അപേക്ഷകരുടെ എണ്ണവും ലഭ്യമായ മെറിറ്റ് സീറ്റുകളും തമ്മിലുള്ള വലിയ വ്യത്യാസമാണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയത്. ജില്ലയിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുകയോ അല്ലെങ്കിൽ പുതിയ സ്‌കൂളുകൾക്ക് അനുമതി നൽകുകയോ ചെയ്യാതെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ കഴിയില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ പരമാവധി കുട്ടികളെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പോളിടെക്നിക്, ഐ.ടി.ഐ, മറ്റ് കോഴ്സുകളിലേക്ക് കൂടി പ്രവേശനം നേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാൽ ഇത്തവണ വലിയ പ്രതിസന്ധി ഉണ്ടാവില്ലെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസ വകുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |