മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കായി നടന്നുവരുന്ന മസ്റ്ററിംഗ് പ്രക്രിയ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ജില്ലയിൽ 77,836 പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല. സെപ്തംബർ 30നകം മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കാത്ത ഗുണഭോക്താക്കളുടെ പെൻഷൻ തടസ്സപ്പെട്ടേക്കും. ജില്ലയിൽ ആകെ 5,58,216 സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ 4,80,380 പേർ ഇതിനകം മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹരായവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ആധാർ അധിഷ്ഠിത ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നത്. ഗുണഭോക്താവ് മരണപ്പെട്ട ശേഷവും മറ്റുള്ളവരോ ബന്ധുക്കളോ ഈ തുക അനധികൃതമായി കൈപ്പറ്റുന്നത് പൂർണ്ണമായും തടയാൻ ഇത് സഹായിക്കും. ഡാറ്റാബേസ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ മേൽവിലാസത്തിലോ ഇരട്ടിപ്പിലൂടെയോ ഒന്നിലധികം പെൻഷനുകൾ വാങ്ങുന്ന അനർഹരെ എളുപ്പത്തിൽ കണ്ടെത്താനുമാവും.
പെൻഷനുകൾ:................... പൂർത്തിയാക്കിയവർ ......... ബാക്കിയുള്ളവർ
വാർദ്ധക്യകാല പെൻഷൻ:............. 2,70,347 ....................... 45,759
വിധവ പെൻഷൻ:..........................1,39,841...........................17,642
വികലാംഗ പെൻഷൻ:..................... 47,240 .............................10,566
കർഷക തൊഴിലാളി പെൻഷൻ:...16,670 ............................. 3,151
അവിവാഹിത പെൻഷൻ:...............6,282 ............................... 718
പെൻഷൻ തടസ്സപ്പെട്ടേക്കും
തടസ്സമില്ലാതെ പെൻഷൻ ലഭിക്കുന്നതിന് മസ്റ്ററിംഗ് നിർബന്ധമാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി ഫിംഗർപ്രിന്റ്, ഐറിസ് സ്‌കാനിംഗ് അല്ലെങ്കിൽ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം. കിടപ്പു രോഗികൾ, വയോധികർ എന്നിവർക്കായി വീട്ടിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കിയിട്ടുണ്ട്.
കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായ നികുതി നൽകുന്നവർ, 1,000 സി.സി വാഹനമുള്ളവർ, മറ്റു പെൻഷൻ വാങ്ങുന്നവർ എന്നിവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല. വരുമാന പരിധി കുറച്ചുകാണിച്ചും മറ്റും പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ മസ്റ്ററിംഗിന് ശേഷം പരിശോധന ശക്തമാക്കാനാണ് സർക്കാരിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |