നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷം
പാലക്കാട്: നിർമ്മാണം കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിക്കാത്ത പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ടെർമിനൽ വാഹനപാർക്കിംഗ് കേന്ദ്രമായി മാറുകയാണ്. വി.കെ.ശ്രീകണ്ഠന്റെ എം.പി ഫണ്ടിൽ നിന്ന് രണ്ടുകോടിയോളം രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും ബസ് സർവീസുകൾ ആരംഭിക്കാത്തതു കൊണ്ടാണ് ഇരു ചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളുമെല്ലാം സ്റ്റാൻഡിൽ തമ്പടിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്റ്റാൻഡിന്റെ വടക്കുവശത്തും ശൗചാലയത്തിന് സമീപത്തുമാണ് ആളുകൾ വാഹനങ്ങൾ കൂടുതലായും നിറുത്തിയിടുന്നത്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപത്തെ തിയേറ്ററുകളിലേക്കും വരുന്നവരുടെ വാഹനങ്ങളാണ് സ്ഥിരമായി പാർക്ക് ചെയ്യുന്നത്. നേരത്തെ സ്റ്റാൻഡിന്റെ തെക്കുകിഴക്ക് വശങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിറുത്തിയിട്ടിരുന്നെങ്കിലും അവിടെ അഴുക്ക് ചാൽ നിർമ്മാണം നടക്കുന്നതിനാൽ പാർക്കിംഗ് തെക്കുഭാഗത്തേക്ക് മാറ്റുകയായിരുന്നു.
എന്ന് തുടങ്ങും ബസ് സർവീസ്?
നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും സ്റ്റാൻഡിനകത്തേക്ക് ബസുകൾ എത്താത്തതിൽ വൻ പ്രതിഷേധത്തിലാണ് യാത്രക്കാർ.
മുനിസിപ്പാലിറ്റിയുടെ ഗുരുതര വീഴ്ചയാണിതിന് കാരണമെന്നാണ് ഇവരുടെ ആരോപണം. മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് വിരലിലെണ്ണാവുന്ന ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കംഫർട്ട് സ്റ്റേഷന്റെ ടാറിംഗ് തുടങ്ങി പ്രവർത്തികൾ പൂർത്തിയാക്കിയാൽ മാത്രമേ നേരത്തെയുണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. സ്റ്റാൻഡിനകത്ത് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവേശന കവാടങ്ങളിൽ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. ഇതിനും പരിഹാരമുണ്ടാക്കണമെന്നും സ്റ്റാൻഡ് തുറന്ന് പ്രവർത്തിക്കാൻ ഇനിയും വെെകിയാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |