
അയിലൂർ: റബർ കൃഷി മേഖലയിൽ പക്ഷിക്കണ്ണുരോഗം വ്യാപിക്കുന്നു. നെന്മാറ, കരിമ്പാറ, കൽച്ചാടി, ഒലിപ്പാറ മേഖലകളിലെ തോട്ടങ്ങളിലാണ് രോഗബാധ കാണുന്നത്. സ്വാഭാവിക ഇലകൊഴിഞ്ഞതിനുശേഷം വന്ന പുതിയ തളിരിലകളിലാണ് രോഗം വ്യാപിക്കുന്നത്. പുതുതായി നട്ടുപിടിപ്പിച്ച രണ്ടും മൂന്നും വർഷം പ്രായമായ റബർത്തൈകളിലെ പുതിയ തളിരിലകളിലും രോഗം വ്യാപിക്കുന്നുണ്ട്. മൂപ്പെത്താത്ത തളിരിലകളിൽ പക്ഷികളുടെ കണ്ണിനോടു സാമ്യമുള്ള ആകൃതിയിൽ വൃത്താകൃതിയിലുള്ള ചെറിയ പുള്ളിക്കുത്തുകളോടെ നടുവശം ഉണങ്ങി ഇലകളുടെ അരികുവശവും ഉണങ്ങിച്ചുരുണ്ട് കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതാണ് രോഗലക്ഷണം. തുടർച്ചയായ വേനൽ മഴയെ തുടർന്ന് ഉണ്ടായ ഉയർന്ന ഈർപ്പവും അമിതചൂടും രോഗത്തിന്റെ വികാസത്തിന് കാരണമാകും.
പക്ഷിക്കണ്ണുരോഗം
റബർ തളിരിലകളെ ബാധിക്കുന്ന ഫംഗസ് രോഗമാണ് ആന്ത്രാക്‌നോസ് എന്നുറിയപ്പെടുന്ന പക്ഷിക്കണ്ണുരോഗം. അകാല ഇലകൊഴിയുന്നതിനും ചെടിയുടെ മൊത്തത്തിലുള്ള വളർച്ചാ മുരടിപ്പിനും രോഗം കാരണമാകും. ഹെൽമിൻ തോസ്‌പോറിയം ഹെവി എന്ന ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നാണ് റബർ ബോർഡ് അധികൃതർ പറയുന്നത്.
രോഗം നിയന്ത്രിക്കാം
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം, ഡിഥെയ്ൻ എം 45 (0.2), ബാവിസ്റ്റിൻ (0.02) തുടങ്ങിയ കുമിൾനാശിനികൾ തളിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. വ്യാപകമായ രോഗബാധയുണ്ടാകുന്ന തോട്ടങ്ങളിലും തൈകളിലും മരുന്നു തളിച്ചില്ലെങ്കിൽ തൈകളുടെയും മരത്തിന്റെയും വളർച്ച കുറയുമെന്നും റബർ ബോർഡ് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |