SignIn
Kerala Kaumudi Online
Saturday, 30 May 2026 4.08 AM IST

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റെടുക്കാൻ വരി നിന്ന് മടുത്ത് രോഗികൾ

uhid
ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായി വരി നിൽക്കുന്നവർ

പാലക്കാട്: സമയം ഒൻപത് ആകുമ്പോഴേക്കും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് എടുക്കാനുള്ള വരി പുറത്തേക്കെത്തും. അടുത്തെത്തുമ്പോഴേക്കും കൗണ്ടറിൽ നിന്നും ഓരോ വിഭാഗത്തിലേക്കുള്ള ഒ.പി ടിക്കറ്റ് കഴിഞ്ഞെന്നുള്ള അനൗൺസ്‌മെന്റെത്തും. കാത്തുനിൽക്കുന്ന രോഗികൾക്ക് ഡോക്ടർമാരെ കാണാൻ സാധിക്കാതെ മടങ്ങേണ്ട അവസ്ഥ. പലരും വളരെ ദൂരെ നിന്നാണ് ആശുപത്രിയിലെത്തുന്നത്. 60 വയസിനു മുകളിലുള്ളവരും അക്കൂട്ടത്തിലൂണ്ട്. യു.എച്ച്.ഐ.ഡി കാർഡിനെ കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും കൃത്യമായി പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഒ.പി ടിക്കറ്റെടുക്കാൻ വരി നിൽക്കേണ്ട ആവശ്യമില്ല എന്നതാണ് യു.എച്ച്.ഐ.ഡി കാർഡിന്റെ പ്രധാനപ്പെട്ട ഗുണം. ദിവസേന 1500 ലധികം പേരാണ് ജില്ലാ ആശുപത്രിയിലെത്തുന്നത്. യു.എച്ച്.ഐ.ഡി കാർഡുള്ളവർക്ക് പ്രത്യേകം കൗണ്ടറുണ്ടെങ്കിലും എകദേശം 100 പേരാണ് ടിക്കറ്റെടുക്കാൻ അവിടേക്കെത്തുന്നത്. ഓൺലൈനായി 150 തോളം പേർ ബുക്ക് ചെയ്‌തെത്തുന്നുണ്ട്. ജില്ലയിൽ 91 ശതമാനം പേർക്കാണ് യു.എച്ച്.ഐ.ഡി കാർഡ് നൽകിയിട്ടുള്ളതെന്നാണ് ജില്ലാ ഹെൽത്ത് ഓഫീസർ നൽകുന്ന വിവരം. എന്നാൽ കാർഡ് ഉപയോഗിച്ച് ഒ.പി ടിക്കറ്റെടുക്കുന്നവർ വളരെ കുറവുമാണ്.

എന്താണ് യു.എച്ച്.ഐ.ഡി കാർഡ്

ആശുപത്രി സേവനങ്ങൾ വേഗത്തിലാക്കാനും രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കാനുമായി കേരള സർക്കാർ ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ കാർഡാണ് യു.എച്ച്.ഐ.ഡി.

 വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും നെറ്റ് വർക്ക് വഴി ഏതാശുപത്രിയിലും ലഭ്യമാകും.
 മൊബൈൽ നമ്പരിൽ ടോക്കൺ, ലാബ് റിസൾട്ട് തയ്യാറായി എന്ന അറിയിപ്പ് തുടങ്ങിയവ മെസ്സേജായി ലഭിക്കും.
 മെഡിക്കൽ കോളേജ് ഉൾപ്പെടെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടാൽ അവിടേക്കുള്ള അഡ്വാൻസ് ടോക്കൺ ആശുപത്രിയിൽ നിന്നു തന്നെ എടുക്കാം
 ഒരിക്കൽ ഡോക്ടറെ കണ്ടുകഴിഞ്ഞാൽ തുടർപരിശോധനയ്ക്കുള്ള അഡ്വാൻസ് ടോക്കൺ ആശുപത്രിയിൽ നിന്ന് ലഭിക്കും അതിനാൽ പിന്നീട് വരുമ്പോൾ കൗണ്ടറിൽ നിൽക്കേണ്ടതില്ല.
 യു.എച്ച്.ഐ.ഡി ലഭിച്ചവർക്ക് വീട്ടിലിരുന്ന് ഓൺലൈനായും ടോക്കൺ എടുക്കാം.

യു.എച്ച്.ഐ.ഡി നമ്പർ എടുക്കാൻ

 http://ehealth.kekela.gov.in എന്ന ലിങ്കിൽ കയറി ആധാർ നമ്പർ നൽകി പ്രൊസീഡ് ചെയ്യുക.

 ആധാറുമായി കണക്ട് ചെയ്ത മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി നൽകുക

 തുറന്നു വരുന്ന വിൻഡോയിൽ വിലാസം ക‌ൃത്യമാണെന്ന് ഉറപ്പുവരുത്തി ഫോൺ നമ്പർ കൂട്ടിച്ചേർത്ത് സബ്മിറ്റ് ചെയ്യ്താ ൽ ഏകീകൃത കിരിച്ചറിയൽ നമ്പർ (യു.എച്ച്.ഐ.ഡി) മെസേജായി ഫോണിൽ ലഭിക്കും.

 ഗവ. ആശുപത്രിയിൽ നിന്നും യു.എച്ച്.ഐ.ഡി നമ്പർ എടുക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL