SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയിൽ

uniform

പാലക്കാട്: സ്കൂൾ തുറന്ന് മാസം ഒന്ന് പിന്നിടുമ്പോഴും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അവതാളത്തിൽ. സൗജന്യ യൂണിഫോമിന് അർഹരായ സംസ്ഥാനത്തെ 8.5 ലക്ഷം കുട്ടികൾക്കായി ആകെ 36.5 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ ഇതിൽ 23 ലക്ഷം മീറ്റർ തുണി മാത്രമാണ് സംസ്ഥാനത്ത്‌ ഇതുവരെ വിതരണം ചെയ്യാനായത്‌. ഹാൻഡ്‌ ലൂം ആൻഡ്‌ ടെക്‌സ്‌റ്റൈൽസ്‌ ഡയറക്‌ടറേറ്റിന്റേതാണ് ഈ കണക്ക്. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ഒന്നു മുതൽ ഏഴുവരെയുള്ള വിദ്യാർത്ഥികൾക്കും ഒന്നു മുതൽ നാലുവരെയുള്ള എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുമാണ് യൂണിഫോം വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഹാൻഡ്‌ടെക്സ്, തൃശൂർ മുതൽ കാസർകോടുവരെ ഹാൻഡ്‌വീവ് എന്നീ സർക്കാർ സ്ഥാപനങ്ങൾ വഴിയാണ്‌ രണ്ട്‌ സെറ്റ്‌ യൂണിഫോമിനുള്ള തുണി നൽകുന്നത്‌. ആദ്യ ജോഡിയുടെ പാന്റും ട്രൗസറുമടങ്ങുന്ന (സ്യൂട്ടിംഗ്) തുണിയുടെ വിതരണം പൂർണമായി. എന്നാൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഷർട്ടുകൾ, സ്കർട്ടുകൾ, ഫ്രോക്കുകൾ (ഷർട്ടിംഗ്) എന്നിവയ്ക്കുള്ള തുണി വിതരണം പാതിവഴിയിലാണ്‌. ആവശ്യത്തിന്‌ കൈത്തറി തുണി ലഭ്യമാകാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇവയുടെ നിറം കൊടുക്കലിനുശേഷം മാത്രമേ വിതരണം നടക്കൂ.

പുതിയ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ആഗസ്റ്റിൽ

ജൂണിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ കൃത്യമായ കണക്ക്‌ ഇനിയും ക്രോഡീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഈ കണക്കുകൂടി വരുമ്പോൾ ആകെ ആവശ്യമുള്ള തുണിയുടെ അളവ് 38 ലക്ഷം മീറ്റർ ആയി ഉയർന്നേക്കും. പുതിയ കുട്ടികൾക്കുള്ള യൂണിഫോം ആഗസ്റ്റോടെ മാത്രമേ വിതരണം ചെയ്യാനാകൂ. യൂണിഫോം തുണി ലഭിച്ചാലും തയ്യൽ പൂർത്തിയാക്കി എപ്പോൾ ധരിക്കാനാകുമെന്ന ആശങ്കയിലാണ്‌ വിദ്യാർത്ഥികൾ. ​

ആസൂത്രണത്തിലെ പോരായ്മ തിരിച്ചടിയായി

സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ്‌ സ്‌കൂളുകളിൽ യൂണിഫോം തുണികൾ എത്തിക്കാറുള്ളത്. തുണിയുടെ അളവും കളർക്കോഡും നേരത്തേശേഖരിക്കും.

ആസൂത്രണമില്ലായ്‌മയും ഡൈയിംഗ് ഏജൻസികൾക്കും നെയ്‌ത്തുകാരുടെ പ്രൈമറി സൊസൈറ്റികൾക്കും തുക നൽകാത്തതുമാണ്‌ പ്രതിസന്ധിയിലാക്കിയത്‌.

ഹാൻഡ്‌ടെക്സ് -ഹാൻഡ്‌വീവ് കമ്പനി പ്രശ്‌നങ്ങളും കൈത്തറിത്തുണി ലഭ്യതയിൽ പ്രതിസന്ധി വർദ്ധിപ്പിച്ചു.

രണ്ടാമത്തെ ജോഡിയുടെ വിതരണം പല ജില്ലകളിലും ഇപ്പോഴും ആരംഭഘട്ടത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, UNIFORM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL