SignIn
Kerala Kaumudi Online
Monday, 27 July 2026 3.28 AM IST

31 വർഷത്തെ കാത്തിരിപ്പിന് വിരാമം; വടക്കഞ്ചേരി ഫയർസ്റ്റേഷന് സ്വന്തം കെട്ടിടത്തിന് നടപടി

fireforce
പി.പി.സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫയ‌ർ സ്റ്റേഷൻ കെട്ടിടത്തിനുള്ള സ്ഥലത്തിന്റെ സർവേ ഉൾപ്പെടെയുള്ള നടപടികൾക്ക് തുടക്കമിട്ടപ്പോൾ.

വടക്കഞ്ചേരി: മൂന്ന് പതിറ്റാണ്ടായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന വടക്കഞ്ചേരി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് സ്വന്തം കെട്ടിടമെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകുന്നു. അണക്കപ്പാറ ചല്ലുപടിയിൽ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. റവന്യൂ, ഇറിഗേഷൻ, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലത്തിന്റെ സർവേ ഉൾപ്പെടെയുള്ള നടപടികൾക്ക് തുടക്കമിട്ടു. തരൂർ എം.എൽ.എ പി.പി.സുമോദിന്റെ ഇടപെടലിലാണ് പദ്ധതിക്ക് ജീവൻവെച്ചത്. 1995 ആഗസ്റ്റ് 5നാണ് വടക്കഞ്ചേരി ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ സ്വന്തമായി ഭൂമി കണ്ടെത്തി കെട്ടിടം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തുടക്കം. എന്നാൽ 31 വർഷമായിട്ടും അഞ്ചുമൂർത്തിമംഗലത്തെ പഴയ തീപ്പെട്ടി കമ്പനിയുടെ ഓടുമേഞ്ഞ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്തിൽ ചിതലേറ്റും ജീർണാവസ്ഥയിലുമായ കെട്ടിടം ഏത് നിമിഷവും അപകടം ക്ഷണിച്ചുവരുത്താവുന്ന നിലയിലാണ്. മഴക്കാലമാകുമ്പോൾ ചോർച്ചയും മറ്റ് സുരക്ഷാ പ്രശ്നങ്ങളും രൂക്ഷമാകും. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സ്വന്തം സുരക്ഷ പോലും ഉറപ്പില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുമ്പ് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്ന് 40 സെന്റ് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയിരുന്നെങ്കിലും വികസന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആ നീക്കം അവസാന നിമിഷം നിലച്ചിരുന്നു. ദേശീയപാതയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള നിലവിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് അഗ്നിബാധ, അപകടം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണസമയം വർദ്ധിപ്പിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അണക്കപ്പാറ ചല്ലുപടിയിലെ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ഭൂമി ഏറ്റെടുക്കലും തുടർനടപടികളും സമയബന്ധിതമായി പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാനായാൽ വടക്കഞ്ചേരി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന് സ്വന്തം ആസ്ഥാനമെന്ന മൂന്ന് പതിറ്റാണ്ടത്തെ സ്വപ്നം യാഥാർഥ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FIRE FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL