SignIn
Kerala Kaumudi Online
Saturday, 05 September 2026 12.47 PM IST

വടക്കഞ്ചേരിയിലെ പഴയ കെട്ടിടങ്ങൾ തകർച്ചയിൽ

kettidam
കിഴക്കഞ്ചേരി റോഡിലെ സുനിത ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം.

വടക്കഞ്ചേരി: ഒരുകാലത്ത് തിരക്കേറിയ വ്യാപാരകേന്ദ്രത്തിന്റെ ചലനങ്ങൾ കണ്ട കുറേ കെട്ടിടങ്ങൾ വടക്കഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്തുണ്ട്. ഇന്ന് അതേ കെട്ടിടങ്ങൾ വഴിയാത്രക്കാരുടെയും വ്യാപാരികളുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. അമ്പതിലേറെ വർഷം പഴക്കമുള്ള നിരവധി കെട്ടിടങ്ങൾ ടൗണിൽ അപകടാവസ്ഥയിൽ തുടരുകയാണെന്നാണ് പരാതി. ചില കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്ന നിലയിലാണ്. ചുവരുകളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ ഭാഗങ്ങൾ അടർന്നുവീഴാനുള്ള സാധ്യതയും നിലനിൽക്കുന്നു. മഴയും കാറ്റും ശക്തമാകുന്ന സമയത്ത് അപകടസാധ്യത കൂടുതൽ വർധിക്കുന്നു.

വടക്കഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിനും പഴയ കെട്ടിടങ്ങൾ കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ മറ്റൊരു ആരോപണം. ഇടുങ്ങിയ റോഡുകളും അശാസ്ത്രീയമായ പാർക്കിംഗും വർദ്ധിച്ച വാഹനത്തിരക്കും ചേർന്ന് ടൗണിലെ ഗതാഗതം പലപ്പോഴും ദുസ്സഹമാകുന്നു. കിഴക്കഞ്ചേരി റോഡിൽ നിരവധി കെട്ടിടങ്ങൾ അപകട ഭീഷണിയിലാണ്.

പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആവശ്യമായ സ്ഥലത്ത് റോഡ് വികസനം നടപ്പാക്കിയാൽ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് അഭിപ്രായം. എന്നാൽ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം, നിയമപരമായ നടപടികൾ, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ഇടപെടൽ ആവശ്യമാണ്.

കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആളപായമുണ്ടായശേഷം മാത്രം അധികൃതർ ഉണരുന്ന രീതിയാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അടിയന്തരമായി പരിശോധന നടത്തണം. അപകടകരമായ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും വേണം. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, ആർ.ഡി.ഒ., താലൂക്ക് ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവർക്ക് നിവേദനം നൽകുമെന്ന് പൊതുപ്രവർത്തകൻ പി.കെ.ഗുരു അറിയിച്ചു. അപകടഭീഷണി ഉയർത്തുന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചരിത്രം മായരുത്, അപകടവും തുടരരുത്

വടക്കഞ്ചേരിയുടെ പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുമാറ്റണമെന്നതല്ല ആവശ്യം. ചരിത്രപരമായ പ്രാധാന്യമുള്ളവ സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ മനുഷ്യജീവന് നേരിട്ട് ഭീഷണിയാകുന്ന കെട്ടിടങ്ങളിൽ സുരക്ഷാ പരിശോധനയും അറ്റകുറ്റപ്പണിയും പൊളിച്ചുമാറ്റലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL