ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം - മംഗലാംകുന്ന് റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം ദുഷ്കരമായി. മുണ്ടൂർ -തൂത പാതയിൽ മംഗലാംകുന്നിൽ ആരംഭിച്ചു ഒറ്റപ്പാലം ടൗണിൽ അവസാനിക്കുന്ന 17 കിലോമീറ്റർ റോഡ് തുടക്കം മുതൽ അവസാനിക്കും വരെ ചെറുതും വലുതുമായ കുഴികൾ നിറഞ്ഞു കിടക്കുകയാണ്. മണ്ണാർക്കാട്, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ നിന്നും ശ്രീകൃഷ്ണപുരം, പൂക്കോട്ടുക്കാവ്, അമ്പലപ്പാറ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്തേക്ക് എത്തി ചേരാനുള്ള പ്രധാന മാർഗ്ഗമാണ്. സ്വകാര്യ ബസുകൾക്കു പുറമേ ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും യാത്രക്കാരും വിദ്യാർത്ഥികളും, പ്രായമായവരും ഉൾപ്പെടെ യാത്ര ചെയ്യുന്ന ഈ റോഡിലൂടെയുള്ള ഗതാഗതം ദുരിതപൂർണ്ണമാണ്. റോഡിൽ അറ്റകുറ്റ പണികൾ നടന്നിട്ട് വർഷങ്ങളായി. കല്ലുവഴി സ്കൂളിന് മുൻവശത്തും കിണാശ്ശേരി ഇറക്കത്തിലും പൂക്കോട്ടുക്കാവ്, അമ്പലപ്പാറ ജംഗ്ഷനിലും റോഡിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാർക്കും പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ തകർച്ചയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഇരുചക്ര, ഓട്ടോ വാഹന യാത്രികരാണ്. കൃത്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും വെള്ളക്കെട്ടിനും റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നുണ്ട്.
റോഡ് പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ് തിരഞ്ഞെടുപ്പിന് മുൻപ് കെ.പ്രേംകുമാർ എം.എൽ.എ അവകാശപ്പെട്ടിരുന്നു. വീണ്ടും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും നാളിതുവരെയായി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. എം.എൽ.എയുടെത് തിരഞ്ഞെടുപ്പ് സമയത്തെ പൊള്ളയായ വാഗ്ദാനം മാത്രമാണെന്നും ഇത്രയും യാത്ര ദുരിതം നിറഞ്ഞ റോഡ് മണ്ഡലത്തിൽ വേറെയില്ലെന്നും ബി.ജെ.പി പൂക്കോട്ടുക്കാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിൻ പൂക്കോട്ട് ക്കാവ്, വൈസ് പ്രസിഡന്റുമാരായ സുരേഷ് കാവുഞ്ചിറ,അരുൺ ഉള്ളാട്ടിൽ എന്നിവർ പറഞ്ഞു. എത്രയും വേഗം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഒറ്റപ്പാലം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ രാജേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |