മുതലമട: തൃശൂർ-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയോരത്ത് മുതലമടയിൽ മീങ്കര ഡാമിൽ നിന്നുള്ള കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നു. ചുള്ളിയാർമേട് പഞ്ചായത്തോഫീസിനു സമീപമാണ് മീങ്കര കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയത്. പൈപ്പ് ശക്തിയിൽ പൊട്ടിത്തെറിച്ച് വെള്ളം 10 അടി ഉയരത്തിൽ ഫൗണ്ടൻ പോലെ ചീറ്റി. മിനിറ്റുകൾക്കകം റോഡ് പുഴയായി. കിലോമീറ്ററുകളോളം റോഡിലൂടെ വെള്ളം പരന്നൊഴുകി ഗതാഗതം തടസ്സപ്പെട്ടു. സ്‌കൂൾ കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർ ദുരിതത്തിലായി. ഇതിനു പുറമേ വലിയച്ചള്ള പുഴപ്പാലത്തിന് സമീപം സ്ഥാപിച്ച വ്യാസമേറിയ എച്ച്.ഡി പൈപ്പ് പൊട്ടി മാസങ്ങളായിട്ടും അറ്റകുറ്റപ്പണി ചെയ്യാൻ വേണ്ട യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
ഡാം വറ്റി, ജനം വലയുന്നു
മീങ്കര ഡാമിൽ ഇപ്പോൾ സംഭരണ ശേഷിയുടെ 20% വെള്ളം പോലുമില്ല. കിണറുകളും കുളങ്ങളും വറ്റി. ജനം ടാങ്കർ ലോറിക്ക് പിന്നാലെ ഓടുമ്പോഴാണ് അതികൃതരുടെ കൊടും അനാസ്ഥ മൂലം ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയുടെ ഒരു ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ല എന്ന് നാട്ടുകാർ പറഞ്ഞു. ഫോണിൽ വിളിച്ചിട്ട് പോലും ആരും എടുക്കുന്നില്ല. ജനങ്ങൾ കുടിക്കാൻ വെള്ളമില്ലാതെ കഷ്ടപ്പെടുമ്പോൾ ഇവിടെ കുടിവെള്ളം മുഴുവൻ റോഡിൽ ഒഴുക്കി കളയുകയാണെന്നും ഇത് ക്രൂരതയാണെന്നും ഒരു നാട്ടുകാരൻ പ്രതികരിച്ചു. അടിയന്തരമായി ജില്ലാ കളക്ടർ ഇടപെട്ട് നടപടി എടുക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |