SignIn
Kerala Kaumudi Online
Friday, 11 September 2026 2.52 AM IST

എപ്പോൾ തുറക്കും പാലക്കാട് സ്‌റ്റേഡിയം ബസ് ടെർമിനൽ?

bus-terminal
നിർമ്മാണം പൂർത്തിയാകാതെ കാട് പിടിച്ചു കിടക്കുന്ന സ്റ്റേഡിയം ബസ് ടെർമിനലിന്റെ ഭാഗം

പാലക്കാട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാലക്കാട് സ്റ്റേഡിയം ബസ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി മേയ് മാസം പകുതിയോടെ തുറന്നു നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പാഴ് വാക്കായി. ടെർമിനലിന്റെ തൊണ്ണൂറ് ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഒരു വശം കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ബാക്കിയുള്ളത്. ആ ഭാഗമിപ്പോൾ കാടു പിടിച്ച് കിടക്കുകയാണ്. നിലവിൽ ബസുകൾ പുതിയ ടെർമിനലിലാണ് നിറുത്തിയിടുന്നതെങ്കിലും ഔദ്യോഗികമായി ടെർമിനൽ തുറന്നിട്ടില്ല. 2019ൽ പാലക്കാട് നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 3.19 കോടി രൂപ ചെലവിൽ നിലവിലെ ബസ് സ്റ്റാൻഡിന് മുന്നിൽ ഒഴിഞ്ഞുകിടന്നിരുന്ന നഗരസഭയുടെ സ്ഥലത്താണ് പുതിയ ബസ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ കുടുങ്ങി പദ്ധതിയുടെ താളംതെറ്റി. ടെർമിനൽ സജ്ജമാകുന്നതോടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിലെ വലിയ തിരക്കിനു പരിഹാരമാകും. ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്താനുള്ള സൗകര്യം പുതിയ ടെർമിനലിലുണ്ട്. അഞ്ചു കടമുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നാലുവീതം ശുചിമുറികൾ, ഇരിപ്പിടം, ചാർജിംഗ് പോയിന്റ്, കുടിവെള്ളം, 60 ഓളം ഫാനുകൾ എന്നിവയ്ക്ക് പുറമെ ടെർമിനലിന് മുന്നിൽ അഴുക്കുചാലും നിർമ്മിച്ചിട്ടുണ്ട്. ടെർമിനൽ തുറക്കുന്നതിനു മുന്നോടിയായി സുൽത്താൻപേട്ട ജംഗ്ഷൻ ഭാഗത്ത് നിന്ന് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് പ്രവർത്തിച്ചിരുന്ന മിൽമ റോഡിന് എതിർ വശത്തേക്ക് മാറ്റി സ്ഥാപിച്ചു. അതേസമയം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരമാകെ നിലവിൽ മാലിന്യക്കൂമ്പാരമാണ്. പരിസരത്തുള്ള കച്ചവടക്കാരും യാത്രക്കാരും വലിച്ചെറിയുന്ന മാലിന്യമാണ് പരന്നു കിടക്കുന്നത്. കൂടാതെ ദുർഗന്ധവും അസഹ്യമാണ്. ടെർമിനൽ തുറക്കുമ്പോഴേക്കും മാലിന്യം പ്രശ്നത്തിനും ശാശ്വത പരിഹാരം നഗരസഭ കാണണമെന്നാണ് സമീപത്തെ കച്ചവടക്കാർ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUSTERMINAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL