ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൂപ്പർ സ്‌പെഷാലിറ്റി വെറ്ററിനറി ആശുപത്രി നിർമിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കിഴക്കൻ മേഖലയിലെ ക്ഷീര കർഷകർ. കൊഴിഞ്ഞാമ്പാറ മൃഗാശുപത്രിയോട് ചേർന്നുള്ള സ്ഥലത്ത് ആശുപത്രി നിർമിക്കുന്നത് പരിശോധിക്കുമെന്ന് മൃഗ സംരക്ഷണ ക്ഷീരവികസന മന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടെ അത്യാധുനിക സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിക്കായുള്ള ആലോചനകൾ നടന്നെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. അതുകൊണ്ടു തന്നെ പദ്ധതി എന്ന് യാഥാർത്യമാകും എന്നതാണ് ക്ഷീര കർഷകരുടെ ആശങ്ക.
മൃഗാശുപത്രി ജീർണാവസ്ഥയിൽ
മൃഗാശുപപത്രിയിൽ നിലവിലുള്ള കെട്ടിടങ്ങളിൽ പലതും കാലപ്പഴക്കം മൂലം ജീർണ്ണിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. ഇവയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും നടന്നിട്ടില്ല എന്ന പരാതിയും ഉണ്ട്. നിലവിൽ പതിനായിരത്തിന് മുകളിൽ കന്നുകാലികളും മറ്റു വളർത്തുമൃഗങ്ങളുമുള്ള കൊഴിഞ്ഞാമ്പാറ മേഖലയിൽ നിലവിലുള്ള മൃഗാശുപത്രിയോട് ചേർന്ന രണ്ടര ഏക്കർ പ്രദേശം നിർദ്ദിഷ്ട പദ്ധതിക്കു വേണ്ടി നേരത്തെ നിർദ്ദേശിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് കിടത്തിചികിത്സയും ഓപ്പറേഷൻ തിയേറ്ററും ലാപ്രോസ്‌കോപ്പിക് ഡിജിറ്റൽ എക്സ്‌റേ, സ്‌കാനിങ്, സർജറി, ലാബ് തുടങ്ങിയ സൗകര്യങ്ങളുമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത് എന്നാണ് അറിയുന്നത്. ക്ഷീരകർഷകർക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതും കാത്ത് ഏറെ പ്രതീക്ഷയിലാണ് കിഴക്കൻ മേഖലയിലെ ആയിരക്കണക്കിനുള്ള ക്ഷീരകർഷകർ. അതു കൊണ്ടു തന്നെ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും കാലതാമസമില്ലാതെപദ്ധതി നിർമ്മാണ പ്രവർത്തനങ്ങർക്ക് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |