
പട്ടാമ്പി: കർഷകരെ സന്തോഷത്തിലാക്കി ഏറ്റവും ഉയർന്ന വില തൊട്ട് കുരുമുളക്. നിലവിൽ ക്വിന്റലിന് 70,000 രൂപയാണ് വില. അതായത് 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലേക്ക് കുരുമുളക് കടന്നിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപ കടന്നാണ് കുതിപ്പ്. നിലവിൽ ഇടുക്കി ജില്ലയിലെ പ്രാദേശിക വിപണികളിൽ 700-710 രൂപയാണ് വില. എന്നാൽ ഉൽപ്പാദനം പകുതിയിലും താഴെയായതിനാൽ സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
കൊച്ചി മട്ടാഞ്ചേരി മാർക്കറ്റിൽ അൺഗാർബിൾഡ് കുരുമുളകിന് 704 രൂപയും ഗാർബിൾഡ് കുരുമുളകിന് 724 രൂപയും വിലയെത്തി. 2014-15ൽ കുരുമുളകിന് റെക്കോർഡ് വിലയായ 730ൽ എത്തിയിരുന്നു. 2016ൽ 700 രൂപ വരെയെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപ്പാദനം തീരെ കുറഞ്ഞതിനാൽ കർഷകർക്ക് വില വർദ്ധനയുടെ പ്രയോജനം കാര്യമായി ലഭിക്കുന്നില്ല.
2015നുശേഷം വിയറ്റ്‌നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 2019ൽ കിലോയ്ക്ക് 340 രൂപയിലെത്തി. പിന്നീട് കൊവിഡ് പ്രതിസന്ധികൾക്കുശേഷം 2021 മുതൽ വില ഘട്ടംഘട്ടമായ കരകയറി. 40 മുതൽ 50 രൂപ വരെ ഓരോവർഷവും ഉയർന്നാണ് നിലവിൽ കിലോയ്ക്ക് 700 രൂപയിലെത്തിയത്.
ഉൽപ്പാദനത്തിൽ ഇടിവ്
മിക്ക കർഷകരും നഷ്ടം മൂലം കുരുമുളക് കൃഷിയിൽ നിന്ന് മറ്റ് വിളകളിലേക്ക് വഴി മാറിയതോടെ നേരത്തേ തന്നെ ഉൽപ്പാദനത്തിൽ ഇടിവുണ്ടായിരുന്നു. ഇതിന് പുറമേ ഇറക്കുമതിയിലുണ്ടായ വൻ ഇടിവും കുരുമുളക് വില വർദ്ധനയ്ക്ക് കാരണമായി. അതേസമയം ആഭ്യന്തര വിപണിയിൽ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങി പ്രധാന കുരുമുളക് ഉൽപ്പാദന സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |