
പട്ടാമ്പി: പട്ടാമ്പി-ചാലിശ്ശേരി പാതയിൽ അപകടം തുടർക്കഥയാവുന്നു. നവീകരണത്തിന്റെ പേരിൽ കീറിയിട്ട ഓവുചാലിലേക്ക് ചരക്കുവാഹനം മറിഞ്ഞ് ദിവസേന പരിക്ക് പറ്റൽ പതിവാകുന്നു. ചാലിശ്ശേരി-പട്ടാമ്പി പാതയിൽ വാവനൂരിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയായിരുന്നു ഏറ്റവും ഒടുവിലായി നടന്ന അപകടം.
കൂറ്റനാട് ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ടെമ്പോ വാനാണ് ഓവുപാലത്തിനായി കുഴിച്ച നാലരമീറ്ററിലധികം ആഴമുള്ള ചാലിലേക്ക് തലകീഴായി മറിഞ്ഞത്.
ഓവുചാൽ കീറിയത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ സിഗ്‌നലുകളും ഇവിടെ ഉണ്ടായിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ രണ്ടുപേർക്ക്പരിക്കേറ്റു. ഇരുവരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നരമാസത്തിനിടെ ആറ് അപകടങ്ങൾ
പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെയും പാലക്കാട്-പൊന്നാനി പാതയുടെയും ഭാഗമായ ചാലിശ്ശേരി-കൂറ്റനാട്-പട്ടാമ്പി പാതയിലാണ് അപകടം പതിവായിട്ടുള്ളത്. ചാലിശ്ശേരി മുതൽ കൂറ്റനാടുവരെ റോഡിന്റെ പകുതിഭാഗം ഒരു വർഷമായി പൊളിച്ചിട്ട നിലയിലാണ്. സുരക്ഷാ മുന്നറിയിപ്പുകളോ ബാരിക്കേഡുകളോ ഇല്ലാതെയും റോഡിന് നടുവിൽ ആഴത്തിൽ വലിയ ചാലുകൾ കീറിയിട്ടതും രാത്രിയിലെ വെളിച്ചക്കുറവുമാണ് പതിവായിട്ടുള്ള അപകടങ്ങൾക്ക് കാരണം. രണ്ട് ദിവസം മുമ്പ് ഓട്ടോറിക്ഷയും ഇരുചക്രവാഹനവും ഇതേപാതയിൽ തലകീഴായി മറിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ആറ് അപകടങ്ങളാണ് ഈ പാതയിൽ നടന്നത്.
രണ്ടുവർഷമായിട്ടും പണി പാതിവഴിയിൽ
രണ്ടുവർഷത്തോളമായി ചാലിശ്ശേരി-പട്ടാമ്പി പാതയുടെ നവീകരണം അപകടക്കെണിയായി മാറിയത്.
14 കിലോമീറ്റർ ദൂരമുള്ള പാത ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന കരാറിലാണ് നവീകരണം തുടങ്ങിയത്. എന്നാൽ പകുതിപോലും പൂർത്തിയായിട്ടില്ല.
മുൻസർക്കാർ 63 കോടി രൂപ അനുവദിച്ചാണ് നവീകരണം തുടങ്ങിയത്.
ഒരു വർഷമാണ് ജല അതോറിറ്റിക്കാർ സമയം കളഞ്ഞത്. ഇപ്പോഴും ജല അതോറിറ്റി പ്രവൃത്തി പൂർണമായിട്ടില്ല.
മലപ്പുറത്തെ പി.എം.ആർ കമ്പനിയാണ് റോഡ് നവീകരണം ഏറ്റെടുത്ത കരാറുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |