SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.43 AM IST

സംഭരണം വൈകി; കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ വഴിയില്ലാതെ കർഷകർ

rice
കൊയ്ത്ത് കഴിഞ്ഞ് ഉണക്കി സൂക്ഷിച്ചിരുന്ന നെല്ല് കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ നനഞ്ഞതിനെ തുടർന്ന് വെയിലത്തിട്ട് വീണ്ടും ഉണക്കിയെടുക്കന്ന കർഷക തൊഴിലാളികൾ. പാലക്കാട് കൊട്ടെക്കാട് ഭാഗത്ത് നിന്നുള്ള ദൃശ്യം.

പാലക്കാട്: കൊയ്തെടുത്ത നെല്ല് സപ്ലൈകോ ഏറ്റെടുക്കുന്നതിലെ കാലതാമസം കർഷകർക്ക് തിരിച്ചടിയാകുന്നു. ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിൽ സംഭരണത്തിനായി കെട്ടിവച്ചിരുന്ന നെല്ല് നനഞ്ഞതോടെ കർഷകർ ഇവ വീണ്ടും ഉണക്കിയെടുക്കേണ്ട സ്ഥിതിയായി. കൊയ്ത്തിനു ശേഷം ഉണക്കി സൂക്ഷിച്ചിരുന്ന നെല്ലാണ് ഒറ്റദിവസത്തെ മഴയിൽ നനഞ്ഞത്. ജില്ലയിലെ ചെറുകിട കർഷകർക്ക് നെല്ല് ദീർഘകാലം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ അപ്രതീക്ഷിത മഴ വലിയ തിരിച്ചടിയാകുന്നു. നനഞ്ഞ് ഈർപ്പമുള്ള നെല്ല് സപ്ലൈകോ സ്വീകരിച്ചില്ലെങ്കിൽ കർഷകർ സ്വകാര്യ മില്ലുടമകൾക്ക് ഓപ്പൺ മാർക്കറ്റ് നിരക്കിൽ വിൽക്കേണ്ടിവരും. സപ്ലൈകോയുടെ സംഭരണവിലയേക്കാൾ പൊതുവെ കുറവായിരിക്കും ഓപ്പൺ മാർക്കറ്റ് നിരക്ക്. അതിനാൽ ഈ വിലവ്യത്യാസം നേരിട്ട് കർഷകരുടെ വരുമാന നഷ്ടമായി മാറും. നെല്ല് വീണ്ടും ഉണക്കുന്നതിനുള്ള അധിക ചെലവും വഹിക്കേണ്ടി വരുമെന്നതിനാൽ സംഭരണം വൈകുന്നത് ചെറുകിട കർഷകർക്ക് ഇരട്ട സാമ്പത്തിക ബാധ്യതയാണ്.

 സംഭരണം വേഗത്തിലാക്കണം
നനഞ്ഞ നെല്ല് ഉടൻ ഉണക്കിയില്ലെങ്കിൽ മുളയ്ക്കാനും നിറത്തിലും ഗുണനിലവാരത്തിലും മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇതുമൂലം സംഭരണ സമയത്ത് നെല്ലിൻ്റെ ഗുണനിലവാരം സംബന്ധിച്ച് പ്രശ്നങ്ങളുണ്ടാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. നനഞ്ഞ നെല്ല് വീണ്ടും ഉണക്കുന്നതിന് തൊഴിലാളികളുടെ കൂലി, ഉണക്കുന്നതിനുള്ള ചെലവ്, കൈകാര്യച്ചെലവ് എന്നിവയ്ക്കു പുറമെ സമയനഷ്ടവും കർഷകർ നേരിടണം. തുടർച്ചയായി മഴയുണ്ടായാൽ നെല്ല് കൂടുതൽ നശിക്കാനുള്ള സാധ്യതയുമുണ്ട്. നെല്ല് സംഭരണം വേഗത്തിലാക്കി കർഷകരുടെ ഉൽപന്നം അടിയന്തരമായി ഏറ്റെടുക്കണമെന്നാണ് ആവശ്യം.

കൊയ്ത്തിനു ശേഷം സപ്ലൈകോ എടുക്കുന്നതും കാത്ത് നെല്ല് ഉണക്കിയെടുത്താണ് സൂക്ഷിച്ചിരുന്നത്. സംഭരണം വൈകിയതിനിടെയാണ് ശക്തമായ മഴയുണ്ടായത്. സൂക്ഷിച്ചിരുന്ന നെല്ല് മുഴുവൻ നനഞ്ഞു. ഇനി വീണ്ടും ഉണക്കിയെടുക്കണം, അതിന് അധിക കൂലിയും ചെലവും വരും. ഇനിയും നനഞ്ഞാൽ നെല്ലിൻ്റെ ഗുണനിലവാരം നഷ്ടപ്പെടാനും മുളയ്ക്കാനും സാധ്യതയുണ്ട്. സപ്ലൈകോ അടിയന്തരമായി നെല്ല് ഏറ്റെടുത്താൽ മാത്രമേ നഷ്ടം ഒഴിവാക്കാനാകൂ.

- വിശ്വനാഥൻ (കർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL